എല്ലാവരുടെയും ആഗ്രഹമാണ് രാത്രിയിൽ നന്നായി ഉറങ്ങുക എന്നത്. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിശ്രമവും പുനരുജ്ജീവനവും പകരുന്ന പ്രവൃത്തിയാണ് നല്ല ഉറക്കം. നിങ്ങളുടെ അടുക്കളയിൽ ഇതിന് നിങ്ങളെ സഹായിക്കുന്ന ഒരു രഹസ്യവിദ്യ ഉണ്ടെന്നതാണ് നല്ല വാർത്ത. പ്രകൃതിദത്ത ചേരുവയായ നെയ്യിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. നെയ്യ് എങ്ങനെയാണ് ഒരാളുടെ ഉറക്കത്തെ സ്വാധീനിക്കുക എന്ന് പലരും ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും.നെയ്യ് ഭക്ഷണത്തോടൊപ്പം കഴിച്ചാൽ ഒട്ടേറെ ഗുണങ്ങൾ ശരീരത്തിന് നൽകും എന്ന്
എല്ലാവർക്കുമറിയാം. അതുപോലെ തന്നെ നെയ്യ് ചർമത്തിൽ പ്രയോഗിക്കുമ്പോൾ ശരീരത്തിന് പുറമേ നിന്നും പോഷകങ്ങളെ ആഗിരണം ചെയ്യാൻ സഹായിക്കുന്നുണ്ട്. രാത്രിയിൽ ഉറക്കത്തിനു മുൻപ് തലമുടിയിലും കാലുകളിലും നെയ്യ് പ്രയോഗിച്ചാൽ എണ്ണമറ്റ ഗുണങ്ങൾ ലഭിക്കും. ഉറങ്ങാൻ പോകുന്നതിനു മുമ്പ് കാലിൽ നെയ്യ് തേച്ചു മസാജ് ചെയ്യുന്നത് നിങ്ങളുടെ ഉറക്കത്തെ മികച്ച രീതിയിൽ സ്വാധീനിക്കും എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഉറങ്ങുന്നതിനു മുൻപ് എല്ലാ ദിവസവും കാലിൽ നെയ്യ് പുരട്ടുന്നത് എങ്ങനെയെന്നും ഇതൊരു ശീലമാക്കി മാറ്റേണ്ടതിൻ്റെ കാരണങ്ങളെപ്പറ്റിയും അറിയാം.
ഉറങ്ങുന്നതിനു മുമ്പായി ഒരു ചെറിയ അളവിൽ നെയ്യ് കൈപ്പത്തിയിൽ എടുത്ത് നന്നായി തിരുമ്മി നിങ്ങളുടെ കാലുകളിൽ മസാജ് ചെയ്യുക. ഇങ്ങനെ നിങ്ങളുടെ കാലിൽ നെയ്യ് പുരട്ടുന്നത് സന്ധി വേദനകൾ ഉണ്ടെങ്കിൽ അതിൽ നിന്ന് ആശ്വാസം നൽകുന്നു. ഇത് നന്നായി ഉറങ്ങാൻ സഹായിക്കുന്നതോടൊപ്പം രാവിലെ കൂടുതൽ ഉന്മേഷത്തോടെയും ഊർജ്ജസ്വലതയോടെയും ഉണരാനും സഹായിക്കുകയും ചെയ്യും. കൂടാതെ ഉറക്കത്തിൽ ഉണ്ടാവുന്ന കൂർക്കംവലി കുറക്കാനും സഹായിക്കും എന്ന് പറയപ്പെടുന്നു.
ആയുർവേദ വിദികളിൽ നെയ്യ് ഉപയോഗിച്ചുകൊണ്ട് കാലുകൾ മസാജ് ചെയ്യുന്ന രീതിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇതിനെ “പാദഭ്യംഗ” എന്ന് പറയുന്നു. ഈ രീതി ദൈനംദിന ആചാരമായി അഭ്യസിച്ചു പോരാൻ ഇന്ത്യൻ വൈദ്യശാസ്ത്രത്തിന്റെ പരമ്പരാഗത സമ്പ്രദായം ശുപാർശ ചെയ്യുന്നുമുണ്ട്. ഒരാളുടെ ശരീരത്തിലെ വാത മൂലകത്തിൻ്റെ പ്രശ്നങ്ങളെ പരിഹരിക്കാൻ രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുൻപായി കാലിൽ നെയ്യ് പുരട്ടുന്നത് സഹായിക്കുമെന്ന് പറയപ്പെടുന്നു. ഉറക്കത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കാനും ദഹനക്കേട്, ആമാശയത്തിലെ മറ്റ് പ്രശ്നങ്ങൾ ഇല്ലാതാക്കാനും നെയ്യ് സഹായിക്കുമെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.