കുളിക്കാതെയും മുഷിഞ്ഞ വേഷമിട്ടും പൊങ്കാലയിട്ടാലും ദേവി അനുഗ്രഹിക്കും! വൈറലായി ഗൗരി കൃഷ്ണയുടെ വാക്കുകൾ!

ഗൗരി കൃഷ്ണ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു. പൗർണമി തിങ്കൾ എന്ന പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അടുത്തിടെ പരമ്പര അവസാനിച്ചിരുന്നു. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയുമാണ് ഇത്.

യൂട്യൂബിൽ താരം പൊങ്കാലയുടെ വിഡിയോ പങ്കുവച്ചതോടെ പല തരത്തിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ഗൗരിയുടെ അമ്മ ചെരുപ്പിട്ട് പൊങ്കാല ഇട്ടതും വിവാഹത്തിന് ശേഷമുള്ള പൊങ്കാല ഭർത്താവിന്റെ വീട്ടിൽ പോയി ഇടാത്തതിനെയുമെല്ലാം പലരും വിമർശിച്ചിരുന്നു. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ഗൗരി. കല്യാണം കഴിഞ്ഞ് ചെന്ന് കേറിയ വീട്ടിലല്ലേ ആദ്യത്തെ പൊങ്കാലയിടേണ്ടതെന്ന് കമന്റ് കണ്ടിരുന്നു. കല്യാണം കഴിഞ്ഞത് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്. കല്യാണം കഴിഞ്ഞ വീട്ടിൽ പൊങ്കാല ഇടണം എന്നൊക്കെ ആരാണ് പറഞ്ഞത്. നിങ്ങൾക്ക് ഈ ആചാരം ആരാണ് പറഞ്ഞ് തന്നതെന്ന് അറിഞ്ഞാൽ സന്തോഷമായിരുന്നു. അപ്പോൾ ഈ വഴിയിൽ പൊങ്കാല ഇടുന്നവരോ? അപ്പോൾ അവരുടെ പൊങ്കാലയൊന്നും പൊങ്കാലയല്ലേ? നമ്മൾ 21 ആം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. മാറി ചിന്തിക്കേണ്ട സമയമായി. മനസ് നന്നായിരുന്നാൽ ഇതൊന്നും വിഷയമല്ല.

നമ്മുടെ ഏതവസ്ഥയിലും ഭഗവാൻ പ്രാർഥന കേൾക്കും എന്നതാണ് എന്റെ ഭക്തി. നല്ല മനസോട് കൂടി പ്രാർഥിച്ചാൽ മാത്രം മതി. നമ്മൾ പൂർണ മനസോടെ ദേവിക്ക് നേദ്യം സമർപ്പിക്കുക എന്നതാണ് ആറ്റുകാൽ പൊങ്കാല. നിബന്ധനയോ കണ്ടീഷൻസോ വെച്ചിട്ടല്ല പൊങ്കാല സമർപ്പിക്കുന്നത്. അമ്മ ചെരുപ്പിട്ടത് നല്ല ചൂടായതു കൊണ്ടാണ്. ചെരുപ്പ് ഇട്ടതുകൊണ്ട് എന്റെ അമ്മയെ ഭഗവതി അടിച്ചിറക്കില്ല. നമ്മുടെ മനസിന്റെ ശുദ്ധി അത് മാത്രമാണ് വേണ്ടത്. കുളിക്കാതെയും മുഷിഞ്ഞ വേഷമിട്ടും പൊങ്കാലയിട്ടാലും ദേവി അനുഗ്രഹിക്കും. മനസ് നന്നായാൽ മതി. നോൺ വെജ് കഴിച്ചിട്ടും അമ്പലത്തിൽ കയറിയിട്ടുണ്ട്. അതുപോലെ ആർത്തവ സമയത്തു പോലും നാമം ചൊല്ലാറുണ്ട്. മനുഷ്യരുടെ കുശുമ്പൊന്നും ഭഗവാനില്ല. മനുഷ്യരുടെ ചിന്താഗതി വച്ച് ഭഗവാനെ വിലയിരുത്താതിരിക്കുക. തൂണിലും തുരുമ്പിലും ഭഗവാനുണ്ടെന്ന് വിശ്വസിക്കുന്ന നാടാണ്. പിന്നെന്താണ് ചെരുപ്പിന് പ്രശ്നം. ആരെയും വേദനിപ്പിക്കണമെന്ന് കരുതി പറഞ്ഞതല്ല. വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക. എന്നെ വേദനിപ്പിച്ചതുകൊണ്ടാണ് ഇത്രയും പറയേണ്ടി വന്നത്

Related posts