ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് ഉണ്ണിമുകുന്ദൻ. മല്ലു സിങ്ങിൽ കേന്ദ്രകഥാപാത്രമായി എത്തിയതോടെയാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷക പ്രീതി നേടി തുടങ്ങിയത്. പിന്നീട് വിക്രമാദിത്യൻ, ഫയർമാൻ മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലെ വേഷങ്ങൾ ഉണ്ണിയെ മലയാള സിനിമയുടെ മുൻനിരയിലേക്ക് എത്തിച്ചു. മേപ്പടിയാൻ മാളികപ്പുറം തുടങ്ങിയ ചിത്രങ്ങൾ ഉണ്ണി മുകുന്ദനെ സൂപ്പർ താരപദവിയിലേക്ക് എത്തിച്ചു. മാളികപ്പുറം എന്ന ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തിരുന്നു.
ചില മുൻ നിര നായികമാർ സിനിമയിൽ തനിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചതിനെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ പലരും ശ്രമിക്കുന്നുവെന്നും ചില പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ തനിക്കൊപ്പം സിനിമ ചെയ്യാതെ മാറിനിൽക്കുകയാണെന്നും ചില മുൻനിര നായികമാർ തന്നെ ഒഴിവാക്കാൻ സംവിധായകരോട് ആവശ്യപ്പെട്ടുവെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
നായകന്മാർ നായികമാരെ മാറ്റാൻ പറയുന്ന ക്ലീഷെ നിങ്ങൾ കേട്ടുകാണും. ഇത് മറ്റൊരു വശമാണ്. ഞാനത് കാര്യമാക്കുന്നില്ല. എങ്കിലും എന്റെ വശവും കേൾക്കേണ്ടതാണെന്ന് താൻ കരുതുന്നതായും തന്റെ പുതിയ സിനിമയായ ജയ് ഗണേഷിനെതിരെ ആസൂത്രിത ക്യാമ്പയിൻ നടക്കുന്നതായും ഉണ്ണി മുകുന്ദൻ തുറന്നടിച്ചു. ദൈവം, മതം എന്നിവയെ ചുറ്റിപറ്റി പല സിനിമകളും ഇവിടെ വന്നിട്ടുണ്ട്. മാലിക്, ആമേൻ തുടങ്ങിയ സിനിമകൾ വന്നു. അത് പ്രശ്‌നമായില്ല. നന്ദനം വന്നു. അങ്ങനെ ഒരുപാട് സിനിമകൾ ഉണ്ട്. ഇത്തരം സിനിമകൾ ആദ്യമായി കൊണ്ടുവന്നത് താനല്ലെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.