16 വർഷത്തെ കാത്തിരിപ്പിനോടുവിൽ ആടുജീവിതം കഴിഞ്ഞ ദിവസമാണ് ബിഗ് സ്ക്രീനുകളിൽ എത്തിയത്. കേരളത്തിൽ 400 ലധികം സ്ക്രീനുകളിലാണ് ഇപ്പോൾ ആടുജീവിതം പ്രദർശിപ്പിക്കുന്നത്. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും പടം റിലീസായിട്ടുണ്ട്. അറേബ്യൻ മരുഭൂമിയിൽ വർഷങ്ങളോളം ഏകാന്ത ജീവിതം അനുഭവിച്ചു തീർത്ത നജീബിന്റെ യഥാർത്ഥ കഥയെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത സിനിമയാണ് ആടുജീവിതം. പ്രിത്വിരാജ് നജീബായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ആടുജീവിതം ചലച്ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ബെന്യാമിന്റെ അതേ പേരിലുള്ള നോവലും നജീബും അനാവശ്യമായ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു.സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ചകളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നജീബ്. സോഷ്യൽ മീഡിയയിൽ നടക്കുന്ന വിവാദങ്ങൾ തന്റെ മനസ്സിനെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറയുന്നു.
തന്നോട് നോവലിസ്റ്റായ ബെന്യാമനും സംവിധായകൻ ബ്ലെസ്സിയും എന്തോ ക്രൂരത കാണിച്ചെന്ന് തരത്തിലാണ് പലരുടെയും പ്രതികരണമെന്ന് നജീബ് പറയുന്നു. ഇരുവർക്കും എതിരെ താൻ എവിടെയും ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നല്ല അനുഭവങ്ങൾ അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് പറയുന്ന നജീബ് തന്റെ പേരിൽ അവരെ അപമാനിക്കരുതെന്നും ആവശ്യപ്പെട്ടു.
2008 നോവൽ പുറത്തിറങ്ങിയത് മുതൽ ഇന്നുവരെ തനിക്ക് അർഹിക്കുന്നതിനപ്പുറം പരിഗണന ലഭിച്ചിട്ടുണ്ട്. പ്രവാസ ലോകത്ത് തന്നെ കൂട്ടിക്കൊണ്ടായിരുന്നു ബെന്യാമിൻ വേദികളിൽ പോയിരുന്നതെന്നും നജീബ് പറഞ്ഞു. തന്റെ ജീവിതാനുഭവം തന്നെയാണ് ആടുജീവിതത്തിന്റെ കഥയെന്നും അതുകൊണ്ടാണ് ഈ പരിഗണന ലഭിച്ചതെന്നും നജീബ് പറഞ്ഞു. ബഹ്‌റൈനിൽ ആക്രിപ്പണി ചെയ്തിരുന്ന താൻ പ്രശസ്തനായതും ലോക കേരളസഭയിൽ പ്രവാസികളുടെ പ്രതിനിധി ആയത് ബെന്യാമിൻ കാരണമാണെന്നും നജീബ് പറഞ്ഞു.