തൃശൂര്‍ പൂരം കോവിഡ് പ്രതിരോധത്തില്‍ വീഴ്ച പറ്റാതെ നടത്താൻ ഉള്ള സാധ്യത പരിശോധിക്കാന്‍ വിശദമായ ചര്‍ച്ച നടത്തി. കലക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍, ആരോഗ്യ, പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.കൂടാതെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.ജെ. റീന, ഡിസ്ട്രിക്ട് ഡവപ്‌മെന്റ് കമ്മീഷണര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പൊലിസ് കമ്മീഷണര്‍ ആര്‍. ആദിത്യ തുടങ്ങിയവരും ചർച്ചയിൽ ഉണ്ടായിരുന്നു . എന്നാൽ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നള്ളിപ്പിന് അനുമതി ലഭിച്ചെങ്കിലും വീണ്ടും വിലക്കേർപ്പെടുത്തി.
ദേവസ്വം അധികൃതര്‍ പൂരത്തിന് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു നടത്താന്‍ കഴിയുന്ന ചടങ്ങുകളുടെ പട്ടിക കലക്ടര്‍ക്ക് കൈമാറി. പൂരപ്പറമ്പ് സന്ദര്‍ശിച്ച ശേഷം ആരോഗ്യ വകുപ്പിലേയും പോലീസ് വകുപ്പിലേയും ഉദ്യോഗസ്ഥര്‍ പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് 27 നു തയാറാക്കും.ഇളവുകള്‍ തീരുമാനിക്കുന്നത് പൂരത്തിന് മുമ്പുള്ള ദിനങ്ങളിലെ കൊവിഡ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും എന്ന് കലക്ടര്‍ പറഞ്ഞു. പൂരം എക്‌സിബിഷനും സാമ്പിള്‍ വെടിക്കെട്ടും നടത്തുന്നതിനെ കുറിച്ചും വിശദചര്‍ച്ചയുണ്ടായി. 100 വീതമുള്ള ബാച്ചുകളായി പൂരം പ്രദര്‍ശനത്തിലേക്ക് ആളുകളെ പ്രവേശിപ്പിക്കാനാണ് ചട്ടമനുസരിച്ചു കഴിയുകയെന്നു അധികൃതര്‍ ചൂണ്ടിക്കാട്ടി. എന്നാൽ ഇക്കാര്യം എത്രത്തോളം പ്രായോഗികമാകും എന്ന കാര്യത്തിൽ ആശങ്കയുണ്ട്. അടുത്ത യോഗത്തിൽ പൂരത്തിന് അണിനിരത്താവുന്ന ആനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള തീരുമാനങ്ങള്‍ ഉണ്ടാകും.
എഴുന്നള്ളിക്കുന്നതിനും പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിനും കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു വീണ്ടും വിലക്ക്. തൃശൂര്‍ ജില്ലാ നാട്ടാന നിരീക്ഷണ സമിതി- പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ എഴുന്നള്ളിക്കുന്നതിന് നല്‍കിയ അനുമതി റദ്ദാക്കണമെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആണ് നിര്‍ദ്ദേശം നല്‍കിയത്. 2019ല്‍ ഗുരുവായൂര്‍ കോട്ടപ്പടിയിലെ വിലക്കിന് ശേഷം തൃശൂര്‍, പാലക്കാട് ജില്ലകളില്‍ എഴുന്നെള്ളിപ്പിന് കര്‍ശന ഉപാധികളോടെ അനുമതി നല്‍കിയത് ഇക്കഴിഞ്ഞ 11നാണ്. ഈ അനുമതിയാണ് വനംവകുപ്പ് റദ്ദാക്കിയത്. കലക്ടര്‍ ഇക്കാര്യത്തില്‍ പരിശോധന നടത്തുമെന്ന് പറഞ്ഞു.