ഇന്ത്യയിലെ പ്രീമിയം എസ്.യു.വി. ശ്രേണിയില്‍ പുതിയ മോഡൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് എന്നാണ് റിപ്പോർട്ട്. ഏഴ് സീറ്റുകൾ ഉള്ള എസ് .യു.വിയുടെ നിര്‍മാണം ആരംഭിച്ചതായും എച്ച്6 എന്ന കോഡ് നാമത്തില്‍ ഈ വാഹനം ആദ്യം അവതരിപ്പിക്കുന്നത് ഇന്ത്യന്‍ വിപണിയിലായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോ കാര്‍ ഇന്ത്യ ഈ വാഹനം 2022-ഓടെ നിരത്തുകളില്‍ എത്തിയേക്കും എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
തദ്ദേശീയമായി ജീപ്പിന്‍റെ മറ്റൊരു എസ്.യു.വി. മോഡലായ റാംഗ്ലര്‍ നിര്‍മിക്കുമെന്ന് ജീപ്പ് മുമ്പ് പ്രഖ്യാപിച്ചിരുന്നു.റിപ്പോർട്ട് പ്രകാരം ഇന്ത്യയെ ജീപ്പിന്റെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനങ്ങളുടെ പ്രധാന നിര്‍മാണ കേന്ദ്രമാക്കി മാറ്റാനാണ് ജീപ്പ് ലക്ഷ്യമിടുന്നത്. എന്നാൽ, എച്ച്1 എന്ന പേരിൽ ഈ എഴ് സീറ്റര്‍ എസ്.യു.വിയുടെ ലെഫ്റ്റ് ഹാന്‍ഡ് പതിപ്പ് എത്തുമെന്നാണ് സൂചന.എച്ച്6 എസ്.യു.വിയും നിർമിക്കുന്നത് ജീപ്പ് ഇന്ത്യൻ നിരത്തിൽ എത്തിച്ച കോംപസ് എസ്.യു.വിയെ അടിസ്ഥാനമാക്കിയായിരിക്കും. എച്ച്6-ലും കോംപസിന് സമാനമായ ജീപ്പിന്റെ സിഗ്നേച്ചര്‍ ഗ്രില്ല്, എല്‍.ഇ.ഡി.ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, ബംമ്പര്‍ എന്നിവയെല്ലാം ലഭിച്ചേക്കും. എച്ച്6-ല്‍ പ്രവര്‍ത്തിക്കുന്നത് 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ മള്‍ട്ടിജെറ്റ് ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനായിരിക്കും. 200 ബി.എച്ച്.പി. പവര്‍ ഇത് ഉല്പാദിപ്പിക്കും. ഒമ്പത് സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
അടുത്തിടെയാണ് ജീപ്പിന്റെ ഇന്ത്യയിലെ ജനപ്രിയ മോഡലായ കോംപസിന്റെ പുതിയ പതിപ്പിനെ പ്രദര്‍ശനത്തിനെത്തിച്ചത്. 2017 ജൂലൈ 31 നാണ് ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് കോംപസ് ഇന്ത്യയിലെത്തിയത്. ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് പൂനൈയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കോംപസ് നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ്. വില്‍പ്പനയിലും ചരിത്രം സൃഷ്ടിച്ച കോംപസ് ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനമാണ് കാഴ്ച വച്ചത്. കോംപസിന് സ്പോര്‍ട്ട്, സ്പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് ഉള്ളത്. ഇതിന് പുറമേ സ്പെഷ്യല്‍ എഡിഷനുകളായ കോംപസ് ബെഡ്റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ വേരിയന്റുകളും കോംപസിലുണ്ട്. വാഹനത്തിന്റെ ബിഎസ്6 പതിപ്പ് അടുത്തിടെയാണ് നിരത്തിലെത്തിയത്.