ഞാൻ എന്റെ ശരീരത്തെ വെറുത്തു : തുറന്നു പറഞ്ഞ് വിദ്യ ബാലൻ

ബോളിവുഡ് താരം വിദ്യ ബാലൻ വളരെയധികം ബോഡിഷെയ്മിങ്ങിന് ഇരയായിട്ടുള്ള ഒരാളാണ്. വിദ്യയ്ക്ക് തടിച്ച ശരീരപ്രകൃതിയുള്ളതിന്റെ പേരിൽ നിരന്തരം ട്രോളുകളും മീമുകളുമായി പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇതുകാരണം തന്റെ ശരീരത്തെപ്പോലും താൻ വെറുത്തിരുന്ന കാലമുണ്ടായിരുന്നെന്ന് അധിക്ഷേപങ്ങൾക്കിരയായ വിദ്യ വെളിപ്പെടുത്തുകയാണ്.

“ഞാൻ വരുന്നത് സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ്. എനിക്കാരുമുണ്ടായിരുന്നില്ല ഈ സാഹചര്യങ്ങളെല്ലാം മാറുമെന്ന് പറഞ്ഞു തരാൻ. ഒരു ദേശീയ പ്രശ്നമായി എന്റെ ഭാരം മാറി. എന്നും ഞാനൊരു തടിച്ച പെൺകുട്ടിയായിരുന്നു. മാറിക്കൊണ്ടിരിക്കുന്ന എന്റെ ശരീരഭാരം എന്നെ അലട്ടാത്ത ഒരു അവസ്ഥയിലാണ് ഞാനിപ്പോഴെന്ന് എനിക്ക് പറയാനാവില്ല. എന്നാൽ ഞാൻ ഒരുപാട് മുന്നോട്ട് പോയിക്കഴിഞ്ഞു.

ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ ജീവിതത്തിലുടനീളം എനിക്കുണ്ടായിരുന്നു. ഞാൻ എന്റെ ശരീരത്തെ ഏറെനാൾ വെറുത്തു. ഞാൻ കരുതിയത് എന്റെ ശരീരമെന്നെ ചതിച്ചെന്നാണ്. ഞാൻ മിക്ക ദിവസങ്ങളിലും എന്റെ ഏറ്റവും മികച്ച രൂപത്തെ കാണാനുള്ള അമിതമായ സമ്മർദ്ദത്തിലാവും. അപ്പോഴൊക്കെ ഞാൻ അമിതമായി തടിക്കുകയും എനിക്ക് ദേഷ്യവും നിരാശയും തോന്നുകയും ചെയ്തിരുന്നു. പിന്നീട് ഓരോ ദിവസം കൂടുന്തോറും ഞാൻ എന്നെ കുറച്ചുകൂടി സ്വീകരിക്കാനും സ്നേഹിക്കാനും തുടങ്ങി. ആളുകൾക്ക് അങ്ങനെ ഞാൻ കുറച്ചുകൂടി സ്വീകാര്യയായി. എന്നെ അവർ അഭിനന്ദനങ്ങളും അംഗീകാരങ്ങളും സ്നേഹവും കൊണ്ട് മൂടാൻ തുടങ്ങി”- വിദ്യ പറഞ്ഞു.

Related posts