‘സൂഫിയും സുജാതയും’ എന്ന സിനിമയിലൂടെ പ്രേക്ഷകപ്രീതി നേടിയ യുവനടൻ ദേവ് മോഹൻ ഇപ്പോൾ തെന്നിന്ത്യൻ താരം സാമന്തയുടെ നായകനാകാൻ ഒരുങ്ങുകയാണ്. സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖർ ഒരുക്കുന്ന ‘ശാകുന്തളം’ എന്ന സിനിമ പുരാണകഥയെ ആസ്പദമാക്കി ഉള്ളതാണ്. ഈ ചിത്രത്തിലാണ് ദേവ് നായകനായി എത്തുന്നത്. താരത്തിന്റെ സിനിമാ കരിയറിലെ വലിയ വഴിത്തിരിവാകാൻ സാധ്യതയുള്ള സിനിമയായ ‘ശാകുന്തളത്തിൽ’ ദുഷ്യന്തനായാണ് ദേവ് മോഹൻ എത്തുന്നത്.
ശകുന്തളയായി സാമന്ത വേഷമിടുന്ന ചിത്രം 150 കോടി ബഡ്ജറ്റിൽ ആണ് ഒരുക്കുന്നത്. ശാകുന്തളം ഒരു പാൻ ഇന്ത്യൻ സിനിമയായിരിക്കും. ചിത്രത്തെ കുറിച്ച് ഗുണശേഖർ പറയുന്നത് ശാകുന്തളം, കാവ്യനായകി എന്നാണ്. ചിത്രത്തിന്റെ കഥ ശകുന്തളയുടെ വീക്ഷണകോണിൽ നിന്നുള്ളതായിരിക്കും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാളിദാസന്റെ രചനയായ ഇതിഹാസ പ്രണയകഥ സിനിമയാകാൻ കാത്തിരിക്കുന്നത്. ഈ മാസം അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് മണി ശർമ്മയാണ്.
‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ അദിതി റാവുവും ജയസൂര്യയും കേന്ദ്രകഥാപാത്രങ്ങളായിരുന്നു. ദേവ് മോഹൻ ആണ് സൂഫി എന്ന ടൈറ്റിൽ റോളിൽ എത്തിയിരുന്നത്. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് വിജയ് ബാബുവാണ്. ലോക്ഡൗൺ സമയത്ത് ഒടിടിയിൽ പുറത്തിറങ്ങിയ ആദ്യത്തെ മലയാള ചിത്രമായിരുന്നു ഇത്.മികച്ച പ്രതികരണമാണ് അന്ന് ചിത്രം നേടിയിരുന്നത്. ഒപ്പം സൂഫിയായി എത്തിയ ദേവിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.