മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഷറഫുദ്ദീന്‍. നേരം എന്ന അൽഫോൻസ് പുത്രൻ ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാൽ താരം ശ്രദ്ധിക്കപ്പെട്ടത് പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിൽ താരം അവതരിപ്പിച്ച ഗിരിരാജൻ കോഴി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി കോമഡി വേഷങ്ങൾ താരത്തെ തേടി എത്തിയിരുന്നു. എന്നാൽ വരുത്തൻ അഞ്ചാം പാതിരാ തുടങ്ങിയ ചിത്രങ്ങളിലൂടെ താരം തനിക്ക് സീരിയസ് വേഷങ്ങളും ചേരും എന്ന് തെളിയിച്ചിരുന്നു. ഇപ്പോഴിതാ ഷറഫുദ്ദീന്‍ ഒരു നടനെന്ന നിലയില്‍ അണ്ടര്‍റേറ്റഡ് ആണെന്ന് തോന്നിയിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് ചലച്ചിത്ര സംവിധായകന്‍ സെന്ന ഹെഗ്ഡെ. ഒരു മിനുട്ടിനുള്ള റോളിനാണെങ്കില്‍ പോലും ഷറഫുദ്ദീന്‍ നല്‍കുന്ന കഠിനാധ്വാനവും, ആത്മസമര്‍പ്പണവും പരാമര്‍ശിക്കേണ്ടത് തന്നെയാണ് എന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തുടക്കം മുതലേ മനസില്‍ കണ്ടത് ഷറഫുദ്ദീനെയായിരുന്നു. മലയാളത്തില്‍ നിലവിലുള്ളതില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള താരമാണ് ഷറഫുദ്ദീന്‍. അവസാനം ഷറഫുദ്ദീനെ കണ്ടപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കം മുതല്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് വരെ ആലോചിച്ച് നോക്കൂ. സ്വപ്രയത്‌നത്തിലൂടെ ഉയര്‍ന്നു വന്നയാളാണ്,’ സെന്ന ഹെഗ്‌ഡേ പറഞ്ഞു. ‘പ്രകടത്തിനനുസരിച്ചുള്ള സ്ഥിരത അദ്ദേഹത്തിനുണ്ട്. ഒരു മിനുട്ടിനുള്ള റോളിനാണെങ്കില്‍ പോലും അതിനായി
ഷറഫുദ്ദീന്‍ നല്‍കുന്ന കഠിനാധ്വാനവും, ആത്മസമര്‍പ്പണവും ഒരോ ഡീറ്റെയിലിംഗും റിസര്‍ച്ചും പരാമര്‍ശിക്കേണ്ടത് തന്നെയാണ്. ഷറഫുദ്ദീന്‍ ചെയ്യുന്ന ഏത് ചെറിയ റോളും ശ്രദ്ധിക്കപ്പെടും. ഞങ്ങള്‍ക്ക് ഭാഗ്യമുള്ളതിനാല്‍ ഈ ടീമില്‍ കിട്ടി. അദ്ദേഹത്തിന്റെ കഴിവിനോട് നീതി പുലര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, സെന്ന ഹെഗ്‌ഡേ കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കുവാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും, ഇതിനായി കോവിഡ് നിയന്ത്രണങ്ങള്‍ എന്തെങ്കിലും ഏര്‍പ്പെടുത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് എന്നും സെന്ന പറഞ്ഞു. ഇതൊരു വ്യത്യസ്തമായ ക്രൈം കോമഡി ഡ്രാമയാണ്, അതില്‍ കുറച്ച് റോഡ് ട്രിപ്പ് ഘടകങ്ങളുമുണ്ട് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. തിങ്കളാഴ്ച നിശ്ചയത്തിനു ശേഷം സെന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന സിനിമയാണ്, 1744 ഡബ്ല്യൂ.എ. സിനിമയിലെ കേന്ദ്ര കഥാപാത്രത്തിനെ അവതരിപ്പിക്കുന്നത് ഷറഫുദ്ദീനാണ്. ശ്രീരാജ് രവീന്ദ്രനും, അര്‍ജുന്‍ ബിയുമായി ഹെഗ്ഡെ വീണ്ടും ഒന്നിക്കുകയാണ് ഈ സിനിമയിലൂടെ. വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, രഞ്ജി കണ്‍കോല്‍, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കബീനി ഫിലിംസിന്റെ ബാനറില്‍ തയാറാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ തുടങ്ങിയവരാണ്.