ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് ഉണ്ണിമുകുന്ദൻ. മല്ലു സിങ്ങിൽ കേന്ദ്രകഥാപാത്രമായി എത്തിയതോടെയാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷക പ്രീതി നേടി തുടങ്ങിയത്. പിന്നീട് വിക്രമാദിത്യൻ, ഫയർമാൻ മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലെ വേഷങ്ങൾ ഉണ്ണിയെ മലയാള സിനിമയുടെ മുൻനിരയിലേക്ക് എത്തിച്ചു. താരം പ്രധാന വേഷത്തിലെത്തിയ മേപ്പടിയാന് മികച്ച പ്രതികരണമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ചിരുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്റർ മഞ്ജു വാര്യർ പങ്കുവച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. പങ്കുവച്ചിരുന്ന പോസ്റ്ററുകൾ ഒരഴ്ചക്കകം നീക്കം ചെയ്യുമെന്ന് നേരത്തെ മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം അറിയിച്ചുവെന്ന് ഉണ്ണി വ്യക്തമാക്കി.
ഹലോ സുഹൃത്തുക്കളെ, മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാണ് താരം പറഞ്ഞത്.