മലയാളത്തിന്റെ മുഖമുദ്രയാണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത് പിന്നീട് മലയാള സിനിമയുടെ തന്നെ സുൽത്താനായി മാറിയ താരമാണ് മമ്മൂട്ടി. മലയാളത്തിന് പുറമെ നിരവധി ഭാഷകളിൽ അഭിനയിച്ച താരമിന്ന് എഴുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പ്രമുഖരുൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയ്ക്ക് ആശംസകളുമായി ഉലകനായകന്‍ കമല്‍ഹാസന്‍.
മലയാളത്തിലുള്ള ആശംസ വീഡിയോ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പങ്കുവെച്ചത്. മമ്മൂട്ടിയ്ക്ക് 70 വയസായി എന്ന് പറയുമ്പോള്‍ താന്‍ വിശ്വസിച്ചിരുന്നില്ലെന്നും തന്നെക്കാള്‍ പ്രായം കുറവോ തന്റെ അതേപ്രായമോ ഉള്ള ആളാണ് മമ്മൂട്ടി എന്നാണ് കരുതിയെന്നുമാണ് കമല്‍ പറയുന്നത്.
‘മമ്മൂട്ടി സാറിന് 70 വയസായി എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല. എന്റെ പ്രായമുള്ള ആളാണ്, അല്ലെങ്കില്‍ എന്നേക്കാള്‍ പ്രായം കുറവുള്ള ആളാണ് എന്നാണ് കരുതിയത്. ക്ഷമിക്കണം. വയസ് കൂടിയാലും ഞാന്‍ വന്നതിന് ശേഷമാണ് അദ്ദേഹം വന്നത്. അതുകൊണ്ട് എന്റെ ജൂനിയര്‍ എന്നു പറയാം. അതുമാത്രമല്ല. കണ്ണാടിയില്‍ നോക്കിയാലും എന്നെക്കാള്‍ ഇളയതാണ് എന്നേ തോന്നുള്ളൂ. എനിക്കും ജനങ്ങള്‍ക്കും. ഈ ഊര്‍ജവും ചെറുപ്പവും എന്ന് കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെ. എല്ലാ ആശംസകളും മുതിര്‍ന്ന പൗരന് നേരുന്നു. എന്ന് മറ്റൊരു മുതിര്‍ന്ന പൗരന്‍.’ – എന്നായിരുന്നു കമല്‍ വീഡിയോയില്‍ പറഞ്ഞത്.