സീതാകല്യാണം അവസാനിക്കുന്നു! വികാരഭരിതയായി പ്രേക്ഷകരുടെ സ്വന്തം സീത!

മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സീതാ കല്യാണം. സീതയുടെയും കല്യാണിന്റെയും ജീവിതമാണ് സീരിയലിന്റെ കഥ. പ്രേക്ഷകരുടെ പ്രിയ പരമ്പര ഇപ്പോള്‍ അവസാനത്തോട് അടുക്കുകയാണ്. സീരിയല്‍ അവസാനിക്കുമ്പോള്‍ വികാരഭരിതയായി നായിക ധന്യ മേരി വര്‍ഗീസ്. സീതാകല്യാണം പരമ്പരയിലെ തന്റെ ആദ്യ ഷോട്ട് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഓര്‍മകള്‍ക്ക് വിലമതിക്കാന്‍ കഴിയില്ല എന്ന് നടി ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു.

ഇതാണ് സീതയുടെ ആദ്യത്തെ ഷോട്ട്. ‘ആയിരം വാക്കുകള്‍ക്ക് സമമാണ് ഒരു ചിത്രം. എന്നാല്‍ ഈ ചിത്രത്തിന് വിലമതിക്കാന്‍ കഴിയില്ല. ഈ ചിത്രം അമൂല്യമാണ്. സീതകല്യാണത്തിന്റെ സുവര്‍ണ ഓര്‍മകളാണ്. സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി’ എന്നാണ് ധന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 2018 സെപ്റ്റംബര്‍ 10നാണ് പരമ്പര സംപ്രേഷണം ആരംഭിക്കുന്നത്. പരസ്പരം എന്ന പരമ്പരയ്ക്ക് പകരം എത്തിയ സീതാ കല്യാണം വളരെ പെട്ടെന്ന് പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ ധന്യ മേരി വര്‍ഗ്ഗീസ്, രൂപശ്രീ, അനൂപ് കൃഷ്ണന്‍, സോന നായര്‍ തുടങ്ങിയവരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു സെപ്റ്റബര്‍ 10 ന് ആരംഭിച്ച സീരിയല്‍, 2021 സെപ്റ്റബര്‍ 10 ന് അവസാനിയ്ക്കും എന്നാണ് വിവരം.

തലപ്പാവ്, വൈരം, റെഡ് ചില്ലീസ്, ദ്രോണ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു എങ്കിലും സിനിമയില്‍ പ്രതീക്ഷിയ്ക്കുന്ന ഉയരത്തില്‍ എത്താന്‍ ധന്യയ്ക്ക് സാധിച്ചിരുന്നില്ല. സീത കല്യാണം എന്ന സീരിയല്‍ ആണ് ധന്യ മേരി വര്‍ഗ്ഗീസിന് ആരാധകരെ നേടിക്കൊടുത്തത്. ഇന്ന് കേരളക്കര മുഴുവന്‍ സീതയിലൂടെ ധന്യയെ അറിയും.

Related posts