എന്‍റെ അപ്പനും അമ്മയും എന്ത് തെറ്റ് ചെയ്തു! വഴിതടയൽ പ്രശ്‌നത്തിൽ ജോജു പ്രതികരിക്കുന്നു

കോൺഗ്രസ്സ് നടത്തിയ ഇന്ധന വിലവർധനയ്ക്കെതിരായ ദേശീയപാത ഉപരോധത്തിൽ സംഘർഷം. ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡിന്‍റെ ഇടതുഭാഗം അരമണിക്കൂറിൽ ഏറെ അടച്ചിട്ട് പ്രതിഷേധിച്ചതിനെതിരെ ചലച്ചിത്ര താരം ജോജു ജോർജു പ്രതിഷേധിച്ചു. താരത്തിന്‍റെ വാഹനത്തിന് നേരെ ഈസംഭവത്തിന് പിന്നാലെ ആക്രമണം ഉണ്ടായി. താരം റോഡിൽ ഇറങ്ങി ഗതാഗത കുരുക്കിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ ഏതാനം യാത്രക്കാരും ജോജുവിനൊപ്പം ചേർന്നു. റോഡിൽ ജോജു ജോർജ് ഇറങ്ങിയതോടെ സമരത്തെ അനുകൂലിക്കുന്നവരുമായി വാക്ക് തർക്കവും ഉണ്ടായി. ജോജുവിന്‍റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത് കോൺഗ്രസ് റോഡ് ഉപരോധം അവസാനിപ്പിച്ചതിന് പിന്നാലെയാണ്.


തുടർന്ന് നടൻ ജോജു ജോർജ്, കോൺഗ്രസിന്‍റെ റോഡ് ഉപരോധത്തിനിടെ മദ്യപിച്ചെത്തി വനിതാ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണവുമായി കോണ്ഗ്രസ്സ് രംഗത്തെത്തി. എന്നാൽ ഈ ആരോപണത്തെ നിഷേധിച്ചിരിക്കുകയാണ് താരം. താൻ മദ്യപിച്ചിട്ടില്ലെന്നും വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ നടന്ന കൈയ്യേറ്റ ശ്രമത്തിലും വാഹനം തകർത്തതിലും താൻ പരാതി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്തിയതിന് പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം. ഇത് ഒരു രാഷ്ട്രീയ പാർട്ടിക്കെതിരായ പ്രതിഷേധമല്ല. റോഡ് പൂർണ്ണമായി ഉപരോധിക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് പ്രതിഷേധം നടന്നത്. നിരവധി വാഹനങ്ങൾ ഗതാഗത കരുക്കിൽ കിടക്കുമ്പോഴാണ് ഇത് പോക്രിത്തരമാണെന്ന് താൻ അവരോട് പറഞ്ഞത്. അതിന് ശേഷം താൻ മദ്യപിച്ചിട്ടുണ്ടെന്നാണ് അവർ പരാതി പറഞ്ഞത്. ഞാൻ മദ്യപിച്ചിട്ടില്ല. എറ്റവും വിഷമമുണ്ടായ കാര്യം എന്‍റെ അപ്പനെയും അമ്മയെയും പച്ചതെറിവിളിച്ചത് അവിടെ ഉണ്ടായിരുന്ന മൂന്ന് നാല് പ്രധാന നേതാക്കളാണ്. അവർക്ക് എന്നെ തെറിവിളിക്കാം, ഇടിക്കാം, കാരണം ഞാനാണ് അവരോട് പറഞ്ഞത്. എന്‍റെ അപ്പനും അമ്മയും എന്ത് തെറ്റ് ചെയ്തു.” ജോജു ജോർജ് പറഞ്ഞു.

താൻ സിനിമ നടനാണ് എന്നത് പോട്ടെ ആ കൂട്ടത്തിലുണ്ടായിരുന്ന സാധാരണക്കാർ ആണ് ഇത് പറഞ്ഞതെങ്കിൽ എന്താകുമായിരുന്നു പ്രതികരണമെന്നും ജോജു ജോർജ് ചോദിച്ചു. സിനിമ നടനായത് കൊണ്ട് എനിക്ക് പറയാൻ പാടില്ലെന്നുണ്ടോ? സഹികെട്ടിട്ടാണ് ഞാൻ പോയി പറഞ്ഞത്. ഇത് രാഷ്ട്രീയ വൽക്കരിക്കരുതെന്നും താരം പറഞ്ഞു. ഇത് ഷോ അല്ല, താൻ ഷോ കാണിക്കാനാണ് സിനിമ നടനായത്. അതിൽ കൂടുതൽ ഷോ കാണിക്കാനില്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോജു മദ്യപിച്ചാണ് ബഹളംവച്ചതെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസായിരുന്നു ആരോപിച്ചത്. കാറിൽ മദ്യകുപ്പികൾ അടക്കം ഉണ്ടായിരുന്നെന്നും ഷിയാസ് പറഞ്ഞു. താൻ മദ്യപാനം നിർത്തിയിട്ട് 5 വർഷമായെന്ന് ജോജു നേരത്തെ പ്രതികരിച്ചിരുന്നു. ആശുപത്രിയിൽ പോയി മദ്യപിച്ചിട്ടില്ലെന്ന് ഞാൻ തെളിയിക്കും. ഞാൻ ചെയ്ത കാര്യത്തിൽ എനിക്ക് തെറ്റ് തൊന്നുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്തിയത്.

Related posts