സി ബി ഐയിൽ ചാർജ് എടുക്കാൻ ഒരുങ്ങി വിക്രമും! ജഗതി ശ്രീകുമാർ വീണ്ടും അഭിനയത്തിലേക്ക് എന്ന് റിപ്പോർട്ടുകൾ!

ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുക എന്നുള്ളത് ഇപ്പോൾ സ്വാഭാവികമാണ്. എന്നാൽ നാലുഭാഗങ്ങൾ വരെ പുറത്ത് ഇറങ്ങുകയും അവയെല്ലാം തന്നെ സൂപ്പർ ഹിറ്റുകളുമാകുക എന്നുള്ളത് മലയാള സിനിമയിൽ അപൂർവ്വമാണ്. അങ്ങനെ ഒരു വിജയ കഥ രചിച്ച ഒന്നാണ് സി ബി ഐ സീരീസ്. 1988 ല്‍ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ ചിത്രം. ആ സിനിമക്ക് വന്‍ സ്വീകാര്യത ലഭിച്ചതോടെ 1989 ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാം ഭാഗവും എത്തി. ജാഗ്രതയും ബോക്‌സോഫീസ് ഹിറ്റായി. പിന്നീട് ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് സി.ബി.ഐ വീണ്ടും സ്ക്രീനിലേക്ക് വന്നത്. 2004ല്‍ സേതുരാമയ്യര്‍ സി.ബി.ഐ എന്ന പേരിലായിരുന്നു അത്. അടുത്ത വര്‍ഷം നേരറിയാന്‍ സി.ബി.ഐ എന്നപേരിൽ നാലാം ഭാഗവും എത്തി. എല്ലാ സി.ബി.എ കഥാപാത്രങ്ങളെയും ഇരുകൈയ്യും നീട്ടിയാണ് മലയാളികള്‍ ഏറ്റെടുത്തത്. മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സി.ബി.ഐ സീരിസിലെ അഞ്ചാം ചിത്രം. ഒരേ കഥാപാത്രത്തെ നായകനാക്കി അഞ്ചാം ഭാഗമിറങ്ങുന്ന മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണിത്.

CBI 5 - IMDb

മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും സേതുരാമയ്യര്‍ ആയി എത്തുമ്പോള്‍ ആരാധകര്‍ക്ക് ചെറിയൊരു സങ്കടം കൂടിയുണ്ടായിരുന്നു. സി.ബി.ഐ സീരിസിലെ എല്ലാ ഭാഗങ്ങളിലും സേതുരാമയ്യര്‍ക്കൊപ്പമുണ്ടായിരുന്ന വിക്രം ആയി അഭിനയിച്ച ജഗതി ശ്രീകുമാര്‍ അഞ്ചാം ഭാഗത്തില്‍ ഉണ്ടാവില്ലല്ലോ എന്നതായിരുന്നു അത്. എന്നാല്‍ സി.ബി.ഐയുടെ അഞ്ചാം ഭാഗത്തിലും ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജഗതിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരിക്കും സിനിമയുടെ ചിത്രീകരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ 29 നാണ് സി.ബി.ഐ സീരിസിന്റെ അഞ്ചാം ഭാഗം കൊച്ചിയില്‍ ആരംഭിച്ചത്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംതവണയും മമ്മൂട്ടിയെ സേതുരാമയ്യരായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്.

13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഇപ്പോള്‍ ഒരുങ്ങുന്നത്. ബാസ്‌കറ്റ് കില്ലിംഗ് എന്ന തീം മുന്‍നിര്‍ത്തിയാണ് സി.ബി.ഐ 5 എന്ന് നേരത്തെ എസ്.എന്‍. സ്വാമി വ്യക്തമാക്കിയിരുന്നു. സി.ബി.ഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോള്‍ ഏറെ പ്രശസ്തമായ ബി.ജി.എമ്മില്‍ മാറ്റമുണ്ടാകുമെന്ന് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടമെത്തുമ്പോള്‍ രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സായ്കുമാര്‍, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍ ആശാ ശരത്ത് എന്നിവരും ചിത്രത്തിലുണ്ട്.

Related posts