വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സോഷ്യൽ മീഡിയയിൽ വിഘ്നേഷ് ശിവൻ്റെ പോസ്റ്റ്!

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് വിഘ്നേഷ് ശിവൻ. പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് താരം സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നാനും റൗഡി താൻ, താന സേർന്ത കൂട്ടം തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകർക്ക് താരം സമ്മാനിച്ചിരുന്നു. തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുമായുള്ള പ്രണയം താരത്തെ മലയാളികൾക്കും സുപരിചിതനാക്കി. വിഘ്നേഷ് ശിവൻ തന്റെ പ്രണയിനി നയൻതാരയുടെ കഴുത്തിൽ മിന്നുചാർത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. വിവാഹത്തിനുള്ള ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായി കഴിഞ്ഞു. മഹാബലിപുരത്തെ ആഡംബര റിസോർട്ടിൽ വെച്ചാണ് വിവാഹം നടക്കുക. റിസോർട്ട് മുഴുവൻ താരങ്ങൾ അതിഥികൾക്കായി ബുക്ക് ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. നാളെ മുതൽ ഈ ആഴ്ച്ച അവസാനം വരെയാണ് റിസോർട്ട് ബുക്ക് ചെയ്തിരിക്കുന്നത്.

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിഗ്നേഷ് ശിവൻ പ്രതിശ്രുത വധുവായ നയൻതാരയ്ക്ക് വേണ്ടിയെഴുതിയ ഇൻസ്റ്റഗ്രാം കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ഇന്ന് ജൂൺ 9 ദൈവത്തിനും, പ്രപഞ്ചത്തിനും, എന്റെ പ്രിയപ്പെട്ട മനുഷ്യർക്കും നന്ദി പറയുന്നു. എല്ലാ നല്ല ഹൃദയങ്ങളും, നല്ല നിമിഷങ്ങളും, ചില നല്ല യാദൃശ്ചികതകളും, അനുഗ്രഹങ്ങളും, എന്നുമുള്ള ചിത്രീകരണവും, പ്രാർത്ഥനയുമാണ് ജീവിതം അത്രമേൽ സുന്ദരമാക്കിയത്.

ഇതെല്ലാം എന്റെ പ്രിയപ്പെട്ടവൾക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു. എന്റെ തങ്കമേ… നീ മണിക്കൂറുകൾക്കം തന്നെ മണ്ഡപത്തിലേക്ക് വരുന്നത് കാണാൻ അതിയായ ആകാംക്ഷ. നല്ലത് വരുത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. കുടുംബത്തിനും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ജീവിതത്തിലെ പുതിയൊരു ഏടിന് തുടക്കമിടുന്നു.

Related posts