ലക്ഷ്മി ഗോപാലസ്വാമി മലയാളികൾക്ക് വളരെ പ്രിയങ്കരിയായ നടിയും നർത്തകിയുമാണ്. താരം നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലിടം നേടിയിട്ടുണ്ട്. താരം മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചത് അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ്. താരം മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും സജീവമായിരുന്നു. ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും വിവാഹം വേണ്ടായെന്ന തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ചും വെളിപ്പെടുത്തി നടി.
അമ്മയാകലും കുട്ടികളെ വളർത്തലുമല്ല തന്റെ വഴിയെന്ന് താരം പറയുന്നു. എന്തുകൊണ്ട് മലയാള സിനിമയിലേക്ക് വരുന്നില്ല സെലക്റ്റീവായോ എന്നെല്ലാം പലരും ചോദിക്കുന്നു. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് വലിയ പ്രശ്‌നമാണ്. നാൽപ്പത്തിയഞ്ച് കഴിഞ്ഞ അഭിനേത്രികൾക്കെല്ലാം ഈ പ്രയാസമുണ്ടാകുമെന്ന് ഞാൻ കരുതുന്നു. അമ്മ വേഷങ്ങൾ അവതരിപ്പിക്കാൻ ബുദ്ധിമുട്ടില്ല. എന്നാൽ ഇതുവരെ ചെയ്ത വേഷങ്ങളിലൂടെ പ്രേക്ഷകർ നൽകിയ സ്‌നേഹവും ബഹുമാനവും നിലനിർത്തുന്ന കഥാപാത്രങ്ങളുമായി മാത്രം ക്യാമറയ്ക്ക് മുന്നിൽ വന്നാൽ മതിയെന്നാണ് തീരുമാനം. യാത്രകൾക്കിടെ കാണുമ്പോൾ ഫോട്ടോയെടുക്കാൻ ഓടിയെത്തുന്നവരിൽ അധികവും മലയാളികളാണ്. ചില സിനിമകളിൽ കഥാപാത്രങ്ങളായി എന്റെ മുഖം അവർ സങ്കൽപിച്ചിരുന്നെന്നും ആ വേഷം ഞാൻ ചെയ്താൽ നന്നായേനെയെന്നും അവർ പറയുമ്പോൾ മനസിൽ സന്തോഷം നിറയും. മലയാളസിനിമയിൽ എത്തിയശേഷമാണ് കേരളീയ ആഘോഷങ്ങളിൽ പങ്കെടുത്ത് തുടങ്ങിയത്. അരയന്നങ്ങളുടെ വീട് സിനിമയിൽ അഭിനയിക്കാനെത്തിയതിന്റെ രണ്ടാം ദിവസമായിരുന്നു തിരുവോണം. അന്ന് ആദ്യമായി ഓണസദ്യ കഴിച്ചു. മമ്മൂക്കയാണ് വിളമ്പിത്തന്നത്.
നൃത്തവും അഭിനയവുമാണ് എന്റെ ജീവിതമെന്ന് ഞാൻ എത്രയോ മുമ്പെ തീരുമാനിച്ചുറപ്പിച്ചിരുന്നു. വിവാഹപ്രായമായപ്പോൾ സ്വാഭാവികമായും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും സമ്മർദങ്ങൾ ഉയർന്നു. എന്നാൽ നിർബന്ധങ്ങൾക്ക് വഴങ്ങി എന്റെ ആഗ്രഹത്തെ വഴിതിരിച്ചുവിടാൻ മനസ് ഒരുക്കമായിരുന്നില്ല. അമ്മയാകലും കുട്ടികളെ വളർത്തലുമല്ല എന്റെ വഴിയെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേർ എനിക്ക് ചുറ്റുമുണ്ട്. അവരോടെനിക്ക് സ്‌നേഹവും ബഹുമാനവുമാണ്. അവർ അങ്ങനെയും ഞാനിങ്ങനെയും ജീവിക്കട്ടെ. സ്ത്രീകൾക്ക് വിവാഹം കഴിച്ചും കഴിക്കാതെയും ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇന്ന് അവിവാഹിതയായി തുടരാൻ ആഗ്രഹിക്കുന്ന ഒരുപാട് പെൺകുട്ടികളെയും സ്ത്രീകളെയും എനിക്കറിയാം. ഞാനത്തരമൊരു തീരുമാനമെടുത്തകാലത്ത് ആ വഴിക്ക് നീങ്ങുന്നവർ താരതമ്യേന കുറവായിരുന്നുവെന്ന് മാത്രം.’ ‘സാമ്പത്തിക സുരക്ഷിതത്വമാണ് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമെന്ന് അന്നും ഇന്നും വിശ്വസിക്കുന്നു. സ്വന്തം കാലിൽ നിൽക്കാനുള്ള സാമ്പത്തികഭദ്രത ഉറപ്പുവരുത്തിക്കഴിഞ്ഞാൽ നമുക്ക് നമ്മെക്കുറിച്ചുതന്നെ അഭിമാനമുണ്ടാകും. അവിവാഹിതയായി തുടരുന്നതിൽ സന്തോഷവതിയാണ്. എന്റെ ലോകത്ത് ഞാൻ തിരക്കിലാണ്.