മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ യുവനടന്മാരിൽ പ്രധാനിയാണ് അജു വര്‍ഗ്ഗീസ്. സഹനടനായും സഹസംവിധായകനായും നിര്‍മ്മാതാവായും നായകനായും ഒക്കെ സിനിമയിൽ തിളങ്ങുന്ന താരമാണ് അദ്ദേഹം. മിന്നല്‍ മുരളിയിലെയും മേപ്പടിയാനിലെയും ഒക്കെ വ്യത്യസ്ത വേഷങ്ങള്‍ ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ താന്‍ കൂടുതല്‍ സെലക്ടീവായെന്ന് പറയുകയാണ് അജു. വ്യത്യസ്ത വേഷങ്ങള്‍ ചെയ്യുക എന്നതാണ് തന്നെ സിനിമയോട് കൂടുതല്‍ അടുപ്പിച്ച് നിര്‍ത്തുന്നതെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കമലയിലെ കഥാപാത്രവും പിന്നീട് ഹെലനിലെ രതീഷെന്ന കഥാപാത്രവും മിന്നല്‍ മുരളിയിലെ പോത്തനും വഴി മേപ്പടിയാനിലെ തടത്തില്‍ സേവ്യറിലെത്തിയപ്പോള്‍ അതു കൂടുതല്‍ തെളിമയുള്ളതായി. ഞാന്‍ ഭാഗമാകുന്ന കഥാപാത്രത്തിന് സിനിമയില്‍ കാര്യമായെന്തെങ്കിലും ചെയ്യാനുണ്ടാകണമെന്ന് നിര്‍ബന്ധമാണ്. എന്നും അജു വ്യക്തമാക്കി.
സിനിമ തെരഞ്ഞെടുക്കാനുള്ള പുതിയ നിബന്ധനകളും അദ്ദേഹം പങ്കുവെച്ചു. പുതിയ കുറച്ചു നിബന്ധനകള്‍ സ്വയം നടപ്പിലാക്കുന്നെന്ന് ശരിയാണ്. മുഴുനീള കഥാപാത്രമാകുന്ന സിനിമകളുടെ തിരക്കഥകള്‍ പൂര്‍ണമായും വായിക്കുമെന്ന് ഉറപ്പാക്കി. എനിക്കു പ്രത്യേകിച്ച് ഒന്നും ചെയ്യാനോ നല്‍കാനോ ഇല്ലാത്ത സിനിമകള്‍ വേണ്ടെന്നു വയ്ക്കും. കഥാപാത്രം സിനിമയില്‍ മുഴുനീളം വേണമെന്നു നിര്‍ബന്ധമല്ല; പക്ഷേ, ചെറുതെങ്കിലും ഉള്ളു തൊടുന്ന കഥാപാത്രമാകണം.