സുരേഷ് ഗോപിയുടെ മകൾക്ക് ആശിർവാദമേകാൻ ജഗതി ശ്രീകുമാർ എത്തി!

മലയാള സിനിമയുടെ ആക്ഷൻ ഹീറോ ആരെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകുള്ളൂ, സുരേഷ് ഗോപി. കമ്മീഷണർ ലേലം വാഴുന്നോർ മാഫിയ ഏകലവ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം തന്റെ ആക്ഷൻ ഹീറോ പരിവേഷം നേടിയെടുത്തത്. മകളുടെ വിവാഹത്തിനു പിന്നാലെ തിരുവനന്തപുരത്തും കൊച്ചിയിലും സുരേഷ് ​ഗോപി റിസപ്ഷൻ സഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്തെ സൽക്കാരത്തിൽ നിരവധി പേർ പങ്കെടുത്തുവെങ്കിലും കാഴ്ചക്കാരുടെ കണ്ണും മനസും നിറഞ്ഞത് നടൻ ജ​ഗതി ശ്രീകുമാർ‌ അവശതയിലും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ്.

വീൽചെയറിൽ താരത്തെ ഇരുത്തി കുടുംബമാണ് പരിപാടിയിലേക്ക് കൊണ്ടുവന്നത്. സൽക്കാരത്തിൽ പങ്കെടുത്ത് ഭാ​ഗ്യയേയും വരൻ ശ്രേയസിനെയും അനു​ഗ്രഹിക്കുക മാത്രമല്ല ചടങ്ങിൽ പങ്കെ‍ടുക്കാൻ എത്തിയവരോടെല്ലാം കൈ വീശി കാണിക്കുകയും ചെയ്തു. അപകടത്തിനു ശേഷം ഇത്രയേറെ ആളുകൾ കൂടുന്ന വിവാഹ ചടങ്ങുകളിലൊന്നും ജ​ഗതി ശ്രീകുമാർ ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇടയ്ക്ക് ചില പൊതുപരിപാടികളിൽ കുറച്ച് സമയം തന്റെ കുടുംബത്തോടൊപ്പം വന്ന് പോയി എന്നല്ലാതെ വേറൊരു പൊതു ചടങ്ങുകളിലും ജ​ഗതി ശ്രീകുമാറിന്റെ സാന്നിധ്യം അപകടത്തിനുശേഷം ഉണ്ടായിട്ടില്ല. ഒട്ടുമിക്ക സിനിമാക്കാർക്കും തങ്ങളുടെ കുടുംബാം​ഗത്തെ പോലെയാണ് സുരേഷ് ​ഗോപി.

ആ ആത്മബന്ധം ആയിരിക്കാം അവശതയിലും വിവാഹസൽക്കാരത്തിന് എത്താൻ ജ​​ഗതിയെ പ്രേരിപ്പിച്ചത്. വീണ്ടും സിനിമാ സുഹൃത്തുക്കൾ ഒത്തുചേർന്നിടത്ത് ജ​ഗതി ശ്രീകുമാറിനെയും കാണാൻ സാധിച്ചത് ആരാധകരെയും സന്തോഷത്തിലാക്കി. ജ​ഗതിക്കൊപ്പം ഭാര്യയും രണ്ട് മക്കളും അവരുടെ കുടുംബവുമുണ്ടായിരുന്നു. കുറച്ച് സമയം സുരേഷ് ​ഗോപിയുടെ കുടുംബത്തോടൊപ്പം ചിലവഴിച്ചിട്ടാണ് ജ​ഗതി ശ്രീകുമാറും കുടുംബവും മടങ്ങിയത്. അതേ സമയം മോഹൻലാൽ ​ഗുരുവായൂരിലെ ചടങ്ങിൽ പങ്കെടുത്തിരുന്നുവെങ്കിലും തിരുവനന്തപുരത്തെ ഫങ്ഷനിലും വന്ന് നവദമ്പതികളെ അനു​ഗ്രഹിച്ചു. പ്രിയദർശൻ മകൾ കല്യാണി പ്രിയദർശൻ, അഹാന ക‍ൃഷ്ണയും കുടുംബവും, ശശി തരൂർ, ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ, ദിലീപ്, നാദിർഷ, ജയറാം തുടങ്ങി സിനിമാ താരങ്ങളും നിരവധി സീരിയൽ മിനിസ്ക്രീൻ താരങ്ങളും തിരുവനന്തപുരത്തെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Related posts