കുഞ്ഞുവാവയുടെ മുഖം ആദ്യമായി പുറംലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി പേളി!

പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ഇരുവരും പ്രണയത്തിലായത് ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെയാണ്. ഷോ കഴിഞ്ഞ ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. പേളിയുടേയും ശ്രീനിയുടേയും ഷോയില്‍ പിടിച്ചുനില്‍ക്കാനുള്ള തന്ത്രമായിട്ടാണ് അവരുടെ പ്രണയത്തെ ബിഗ് ബോസ് ഷോയില്‍ അന്ന് ഇവര്‍ക്കൊപ്പം മത്സരിച്ചിരുന്ന മറ്റ് മത്സരാര്‍ഥികള്‍ വിലയിരുത്തിയത്. എന്നാല്‍ റിയാലിറ്റി ഷോയ്ക്ക് വേണ്ടിയുള്ള പ്രണയമായിരുന്നില്ല യഥാര്‍ഥത്തിലുള്ള സ്‌നേഹമായിരുന്നു എന്ന് തെളിയിച്ചു കൊണ്ട് പുറത്തിറങ്ങിയ ശേഷം ഇരുവരും വിവാഹിതരായി. നില എന്നൊരു മകളുണ്ട്. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്നായി കാത്തിരിക്കുകയായിരുന്നു ഇരുവരും.

ഇപ്പോഴിതാ കുഞ്ഞുവാവയുടെ മുഖം ആദ്യമായി പുറംലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് പേളി. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ജനിച്ച് മിനുറ്റുകള്‍ മാത്രമുള്ള മകളുടെ മുഖം പേളി കാണിച്ചിരിക്കുന്നത്. ‘ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ഒടുവില്‍ ഞങ്ങള്‍ പരസ്പരം കണ്ടു. ഇത് ഞാന്‍ അവളെ ആദ്യമായി കൈയ്യിലെടുക്കുന്ന ചിത്രമാണ്. അവളുടെ മൃദുലമായ ചര്‍മ്മവും കുഞ്ഞ് ഹൃദയമിടിപ്പും എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന നിമിഷമായി എല്ലാ കാലത്തും ഓര്‍മ്മിക്കപ്പെടും. ഒരു പെണ്‍കുഞ്ഞിന്റെ കൂടി അമ്മയായി എന്നോര്‍ക്കുമ്പോള്‍ അഭിമാനം കൊണ്ട് ആനന്ദകണ്ണീര്‍ വരികയാണ്.

നിങ്ങളെല്ലാവരും ആശംസകള്‍ അറിയിച്ചെന്നും പ്രാര്‍ഥനകള്‍ നേര്‍ന്നുവെന്നും ശ്രീനി എന്നോട് പറഞ്ഞിരുന്നു. ഞങ്ങളുടെ ചെറിയ കുടുംബത്തെ ഇത്രത്തോളം ചേര്‍ത്ത് പിടിച്ചു എന്നറിയുമ്പോഴുള്ള സന്തോഷം എന്റെ ഹൃദയം നിറയ്ക്കുകയാണ്. എല്ലാവര്‍ക്കും നന്ദി,’.. എന്നുമാണ് പേളി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.അതേ സമയം ബിഗ് ബോസ് താരങ്ങളും പേളിയുടെയും ശ്രീനിയുടെയും സഹപ്രവര്‍ത്തകരായ താരങ്ങളുമടക്കം നൂറ് കണക്കിന് ആളുകളാണ് താരകുടുംബത്തിന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. ഇത്രയും സന്തോഷം തോന്നുന്ന വേറെ നിമിഷമില്ലെന്നാണ് പേളിയോട് ആരാധകര്‍ പറയുന്നത്.

Related posts