അത് ടെലികാസ്റ്റ് ചെയ്യാതിരുന്നതിനാല്‍ ആരും അത് കണ്ടില്ല! തുറന്ന് പറഞ്ഞ് “പേർളിഷ്”!

പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ഇരുവരും പ്രണയത്തിലായത് ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെയാണ്. ഷോ കഴിഞ്ഞ ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. പേളിയുടേയും ശ്രീനിയുടേയും ഷോയില്‍ പിടിച്ചുനില്‍ക്കാനുള്ള തന്ത്രമായിട്ടാണ് അവരുടെ പ്രണയത്തെ ബിഗ് ബോസ് ഷോയില്‍ അന്ന് ഇവര്‍ക്കൊപ്പം മത്സരിച്ചിരുന്ന മറ്റ് മത്സരാര്‍ഥികള്‍ വിലയിരുത്തിയത്. എന്നാല്‍ റിയാലിറ്റി ഷോയ്ക്ക് വേണ്ടിയുള്ള പ്രണയമായിരുന്നില്ല യഥാര്‍ഥത്തിലുള്ള സ്‌നേഹമായിരുന്നു എന്ന് തെളിയിച്ചു കൊണ്ട് പുറത്തിറങ്ങിയ ശേഷം ഇരുവരും വിവാഹിതരായി. നില എന്നൊരു മകളുണ്ട് ഇപ്പോള്‍ ഇരുവര്‍ക്കും.

ഇപ്പോള്‍ ബിഗ് ബോസ് പ്രണയകഥയും പുറത്തിറങ്ങിയ ശേഷം വീട്ടുകാരുടെ പ്രതികരണത്തെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് പേര്‍ളിയും ശ്രീനിഷും. ഒരു എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പേര്‍ളിഷ് മൂന്ന് വര്‍ഷം മുമ്പുള്ള പ്രണയ കഥകളെ കുറിച്ച് വീണ്ടും വാചാലരായത്. താന്‍ ആദ്യം പ്രൊപ്പോസ് ചെയ്യുന്നതാണ് ബിഗ് ബോസില്‍ കാണിച്ചതെങ്കിലും അതിനും മുമ്പ് ശ്രീനിഷ് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നുവെന്ന് പേളി പറഞ്ഞു. ‘ഞാന്‍ ശ്രീനിയെ ഇഷ്ടമാണെന്ന് പറയും മുമ്പ് ഒരിക്കല്‍ ശ്രീനി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. പക്ഷെ അത് ടെലികാസ്റ്റ് ചെയ്യാതിരുന്നതിനാല്‍ ആരും അത് കണ്ടില്ല. ബിഗ് ബോസിനുള്ളില്‍ വെച്ച് പ്രണയത്തിലായപ്പോള്‍ പുറത്ത് ഇത് എങ്ങനെയാണ് ആളുകളിലേക്ക് എത്തുന്നത് എന്നോ… വീട്ടുകാര്‍ എന്ത് ചിന്തിക്കും എന്നതിനെ കുറിച്ചോ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ വീട്ടിലെത്തിയപ്പോള്‍ ഞങ്ങളുടെ പ്രണയത്തെ അവര്‍ സ്വീകരിച്ച് കഴിഞ്ഞിരുന്നു. എപ്പോഴാണ് ശ്രീനിയുടെ വീട്ടുകാരുമായി സംസാരിക്കേണ്ടത് എന്നാണ് എന്റെ വീട്ടുകാര്‍ ചോദിച്ചത്. ഇതേ പ്രതികരണമായിരുന്നു ശ്രീനിയുടെ വീട്ടുകാരുടെ പക്കല്‍ നിന്നും. ഞങ്ങളുടെ പ്രണയം നേരിട്ട് കണ്ടിട്ടുള്ളതിനാല്‍ ഞങ്ങളുടെ കെമിസ്ട്രി വീട്ടുകാര്‍ക്ക് മനസിലായിരുന്നു’ പേളി മാണി പറഞ്ഞു.

മകളെ പിരിഞ്ഞ് നില്‍ക്കാന്‍ ബുദ്ധിമുട്ട് ഉണ്ട്. പേളിക്കും താന്‍ എപ്പോഴും അടുത്ത് ഉണ്ടാകണമെന്ന ആഗ്രഹമാണെന്നും ശ്രീനിഷ് പറഞ്ഞു. ‘സീരിയലുകള്‍ ചെയ്യുമ്പോള്‍ ഇരുപത് ദിവസത്തിലധികം മകളേയും പേളിയേയും പിരിഞ്ഞ് നില്‍ക്കേണ്ടി വരും. അത് അവര്‍ക്കും എനിക്കും സങ്കടമാണ്. ഒരു യുട്യൂബ് ചാനല്‍ ഉള്ളതിനാല്‍ ഇനിയുള്ള സമയങ്ങള്‍ അതിന് വേണ്ടി ചിലവഴിക്കാം എന്നാണ് കരുതുന്നത്. ചാനല്‍ തുടങ്ങിയ സമയത്തും ഇപ്പോഴും വലിയ സ്‌നേഹമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. അതുകൊണ്ട് അവരെ സന്തോഷപ്പെടുത്തുന്ന കാര്യങ്ങള്‍ വീഡിയോകളിലൂടെ പങ്കുവെച്ച് ചാനലില്‍ പങ്കുവെക്കാനാണ് ആഗ്രഹം’ ശ്രീനിഷ് പറഞ്ഞു. പേളിയുടെ പെരുമാറ്റവും ചമ്മലില്ലാതെ ആളുകളെ കൈകാര്യം ചെയ്യുന്നതും നിര്‍ത്താതെ സംസാരിക്കുന്നതും താന്‍ ആസ്വദിക്കുന്നകൊണ്ടാണ് വിവാഹിതരായത് എന്ന് ശ്രീനിഷ് പറഞ്ഞു.

Related posts