പ്രിയപ്പെട്ടവരുടെ മടങ്ങിവരവിനായി കാത്ത് ബ്ലാക്കി!

വളർത്തു നായകൾ തന്റെ യജമാനനെ എത്രത്തോളം സ്നേഹിക്കും എന്നത്‌ എല്ലാവർക്കും അറിയാം. അത് പോലെ തന്റെ പ്രിയപ്പെട്ടവരുടെ തിരിച്ചു വരവിനായി കാത്തുനിൽക്കുന്ന ഒരു നായയുണ്ട്, പേര് ബ്ലാക്കി. ഫെബ്രുവരി ഏഴിന് ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞു വീണു ഉണ്ടായ ദുരന്തത്തിൽ അവിടെയുള്ള താപോവൻ തുരങ്കത്തിൽ കുറച്ചുപേർ കുടുങ്ങി പോയത് നമ്മളെല്ലാം അറിഞ്ഞതാണ്. അവർക്ക് വേണ്ടി , തന്റെ പ്രിയപ്പെട്ടവരെ കാണാൻ ബ്ലാക്കി കാത്തിരിക്കുകയാണ്.


തപോവൻ ഹൈഡൽ പദ്ധതി മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. തനിക്ക് പ്രിയപ്പെട്ടവർ മടങ്ങിയെത്തുന്നതും കാത്തു ബ്ളാക്കിയും ഉണ്ട് അവരുടെ കൂടെ. തുരങ്കത്തിനുള്ളിൽ കല്ലും മണ്ണും ചെളിയും നിറഞ്ഞതായതിനാൽ രക്ഷാപ്രവർത്തനം നടത്താൻ ബുദ്ധിമുട്ടുകൾ ഏറെയാണ്. തപോവൻ പ്രദേശത്തു ജനിച്ചു വളർന്ന ബ്ലാക്കി പിന്നീട് അവിടെ ജോലി ചെയ്യുന്നവരുമായി ചങ്ങാത്തത്തിൽ ആയി. അവർ അവനു ഭക്ഷണവും കിടക്കാൻ ചാക്കും നൽകി. പകൽ മുഴുവൻ അവൻ അവിടെ അവർക്കൊപ്പം ഉണ്ടാകും. പണി അവസാനിച്ചു ജോലിക്കാർ വീട്ടിലേക്ക് മടങ്ങുമ്പോൾ ബ്ളാക്കിയും പോകും.


ഞായറാഴ്ച്ച പ്രളയം ഉണ്ടായ സമയത്തു ബ്ളാക്കി അവിടെ ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച ആണ് ബ്ലാക്കി തിരികെ എത്തിയത്. അപ്പോൾ അവന്റെ പ്രിയപ്പെട്ടവർ ആരും അവിടെ ഉണ്ടായിരുന്നില്ല. പകരം അപരിചിതരെ കൊണ്ട് ആ പ്രദേശം നിറഞ്ഞിരുന്നു. രക്ഷപ്രവർത്തകർ അവനെ അവിടുന്ന് ഓടിച്ചു വിട്ടെങ്കിലും പിന്നെയും അവൻ മടങ്ങി എത്തി. ഇപ്പോഴും അവൻ തന്റെ പ്രിയപ്പെട്ടവരുടെ മടങ്ങിവരവിനായി കാത്തിരിക്കുന്നു.

Related posts