ഐശ്വര്യ രാജേഷ് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ്. ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാളസിനിമയിൽ എത്തുന്നതിന് മുൻപുതന്നെ താരം തമിഴിലും തെലുങ്കിലും സജീവമായുണ്ട്. ഇതിനോടകം ഒരുപാട് അവാർഡുകൾ ഐശ്വര്യ നേടിക്കഴിഞ്ഞു. ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നുകൊണ്ടാണ് താരം സിനിമാ ലോകത്ത് എത്തിയത്. ഇപ്പോള്‍ താന്‍ സിനിമയിലേക്ക് കടന്നു വന്നപ്പോള്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പറയുകയാണ് നടി. ഒരു അഭിമുഖത്തിലാണ് ഐശ്വര്യ മനസ് തുറന്നത്.
എന്നെ സംബന്ധിച്ച് എന്റെ ഇരുണ്ട നിറം പ്രശ്നമായിരുന്നു. കാഴ്ചയില്‍ ഞാന്‍ എങ്ങനെയാണ്, എന്റെ ഡ്രസിങ് ശരിയല്ല, ഞാന്‍ തമിഴ് സംസാരിക്കുന്ന ആളാണ് എന്നീ കാര്യങ്ങളുടെ പേരില്‍ എന്നെ തഴഞ്ഞവരുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് ഹീറോയിന് മെറ്റീരിയല്‍ ഇല്ല എന്ന വിമര്‍ശനവും. സിനിമയില്‍ ചാന്‍സിനായി ശ്രമിച്ച് സമയം കളയണോ എന്ന് എന്റെ മുഖത്ത് നോക്കി ചോദിച്ചവരുണ്ട്. എനിക്ക് നായിക ആവണമെന്നില്ല. നല്ല റോള്‍ തരൂ, നന്നായി ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ കൊമേഡിയന്‍ പെയറായുള്ള റോള്‍ തരാം എന്ന് പറഞ്ഞു. എനിക്ക് സെന്സുള്ള കഥാപാത്രം ചെയ്യാനായിരുന്നു താല്പര്യം. അതുകൊണ്ട് വേണ്ടെന്ന് പറഞ്ഞു. വിമര്‍ശനങ്ങളില്‍ വാടി പോകാന്‍ തയ്യാറായിരുന്നില്ല. എന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു എന്ന് ഐശ്വര്യ പറയുന്നു.
ചേരിയുടെ അടുത്ത് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സര്‍ക്കാര്‍ കെട്ടിക്കൊടുക്കുന്ന ഫ്ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. അച്ഛന്റെ മരണത്തോടെ നാല് കുട്ടികളെ വളര്‍ത്താന്‍ അമ്മ കഷ്ടപ്പെട്ടു. എനിക്ക് മൂന്ന് ചേട്ടന്മാരാണ്. ഞങ്ങളെ പഠിപ്പിക്കാന്‍ അമ്മ ചെയ്യാത്ത ജോലി ഒന്നുമില്ല. എല്‍.ഐ.സി ഏജന്റായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ ഹിന്ദിയോ, ഇംഗ്ലീഷോ അറിയാതെ അമ്മ മുംബൈയ്ക്ക് പുറപ്പെട്ടു. വിലക്കുറവില്‍ സാരി വാങ്ങി ചെന്നൈയില്‍ കൊണ്ട് വന്ന് വിറ്റു. സ്ഥലക്കച്ചവടം ചെയ്തു. കഷ്ടപ്പെട്ടിട്ട് ആയാലും അമ്മ ഞങ്ങളെ സ്കൂളില്‍ പഠിപ്പിച്ചു. അതുകൊണ്ട് ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ അറിയാം. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ തന്നെ ഞാന്‍ ജോലി ചെയ്ത് തുടങ്ങി. അമ്മയെ എങ്ങനെയും സഹായിക്കണമെന്ന ലക്ഷ്യത്തിലാണ് ജോലിക്ക് പോയത് എന്നും താരം പറഞ്ഞു.