സാന്ത്വനത്തിൽ ഭാര്യ ദേവിയ്ക്ക് ബാലേട്ടൻ ചോറ് ഉരുട്ടി കൊടുക്കുന്നത് കണ്ടപ്പോൾ മകൻ പറഞ്ഞത്: അനുഭവം പങ്കുവെച്ച് രാജീവ് പരമേശ്വരൻ

വളരെയധികം ആരാധകരുള്ള ഒരു മിനിസ്ക്രീൻ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. ചിപ്പിയും രാജീവ് പരമേശ്വരനുമാണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങൾ. മിനിസ്ക്രീൻ സീരിയൽ പ്രേക്ഷകരിലേക്ക് ചിപ്പിയെ അവതരിപ്പിച്ചിരിക്കുന്നത് അമ്മ മനസ്സിൻ്റെ കരുതലുമായി ഒരു ഏടത്തിയമ്മ എന്ന വിശേഷണത്തോടെയാണ്. രാജീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശാസിച്ചും സ്നേഹിച്ചും ഒരച്ഛൻ്റെ വാത്സല്യം നൽകി ഒരു ഏട്ടൻ എന്ന വിശേഷണത്തോടെയാണ്. രാജീവ് അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ദുബായിലെ ജോലി ഉപേക്ഷിച്ചാണ്. ഇപ്പോൾ താരം സീരിയലിനെക്കുറിച്ച് തുറന്നുപറയുകയാണ്.

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബമാണ് തന്റേത്. മുംബൈയിൽ വച്ച് സിനിമാ ഓഡിഷനുകൾക്ക് അപേക്ഷ അയച്ചിരുന്നു. ആ സമയത്ത് ഗൾഫിൽ ഒരു ജോലി ശരിയായി. ദുബായിൽ എത്തി കഴിഞ്ഞാണ് ഓഡിഷന് വിളിച്ച കാര്യം അറിയുന്നത്. അത് വലിയ സങ്കടമായി. വിസ മാറാനായി തിരികെ നാട്ടിലെത്തിയപ്പോൾ അമ്മാവന്റെ സുഹൃത്ത് കൂടിയായ നടൻ ശ്രീരാമൻ ചേട്ടൻ വഴി സ്വയംവരപ്പന്തൽ എന്ന സിനിമയിൽ അവസരം കിട്ടി. ബാലേട്ടൻ എന്ന കഥാപാത്രം എനിക്ക് പറ്റുമോ എന്ന് സംശയം തോന്നിയത് കൊണ്ട് ആദ്യം ഒഴിഞ്ഞു മാറി. പക്ഷേ സീമ ജി നായർ നീയത് ചെയ്യണം എന്ന് പറഞ്ഞു. ബാലേട്ടനെ ഇത്രയ്ക്ക് ആളുകൾക്ക് ഇഷ്ടമാകും എന്ന് ഒട്ടും ഓർത്തിരുന്നില്ല എന്ന് രാജീവ് പറയുന്നു.

ഇപ്പോൾ നാട്ടിലെ കുട്ടികളൊക്കെ എന്നെ ബാലേട്ടാ എന്നാണ് വിളിക്കുന്നത്. ഭാര്യ ദീപയും മക്കളും അച്ഛനും ചേച്ചിമാരുടെ കുടുംബവും എല്ലാവരും സീരിയൽ കാണുന്നുണ്ട്. അഭിനയം കരിയറായി തിരഞ്ഞെടുക്കുന്ന ഒരാൾക്ക് വീട്ടുകാരുടെ പിന്തുണ പ്രധാനമാണ്. രാജീവ് അഭിനയിക്കട്ടേ, എന്തെങ്കിലും പ്രശ്‌നം വന്നാൽ നമുക്ക് നോക്കാം എന്ന് പറഞ്ഞ് പിന്തുണച്ചത് എന്റെ ഏട്ടന്മാരാണ്. അളിയൻ എന്നല്ല ഏട്ടൻ എന്നാണ് ഞാൻ അവരെ വിളിക്കുന്നത്. അമ്മ 2004 ൽ ഞങ്ങളെ വിട്ട് പോയി. ഒപ്പമുണ്ടായിരുന്നെങ്കിൽ ഇപ്പോൾ അമ്മയും ഏറെ സന്തോഷിച്ചിരുന്നേനെ എന്നും അദ്ദേഹം പറയുന്നു. സാന്ത്വനത്തിൽ ഭാര്യ ദേവിയ്ക്ക് ബാലേട്ടൻ ചോറ് ഉരുട്ടി കൊടുക്കുന്നത് കണ്ടപ്പോൾ എന്റെ മകൻ പറയുകയാണ് അച്ഛന് സീരിയലിൽ ഉരുട്ടി കൊടുക്കാൻ ഒക്കെ അറിയാം. എന്നിട്ട് അമ്മയ്ക്ക് ചോറ് ഉരുട്ടി കൊടുക്കുന്നത് കണ്ടിട്ടില്ലല്ലോ എന്ന്. അമ്മയ്ക്ക് കൊടുക്കുന്നത് നീ കാണാഞ്ഞിട്ടാണ് എന്ന് പറഞ്ഞ് ഞാൻ രക്ഷപ്പെട്ടു, അദ്ദേഹം പറഞ്ഞു.

Related posts