അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച താരമാണ് കലാഭവൻ മണി. താരത്തിന്റെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച് വളർന്ന സാഹചര്യത്തെക്കുറിച്ചും കലാരംഗത്തേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പാട്ടുകളിലെല്ലാം ഇതേക്കുറിച്ച് സൂചിപ്പിക്കാറുമുണ്ടായിരുന്നു. സ്വപ്നം കണ്ടതിനും അപ്പുറത്ത് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. എന്നും തനിക്കൊപ്പമുള്ള ആരാധകരോട് പ്രത്യേകമായൊരു സ്നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്.
കലാഭവൻ മണിയും നടൻ നാദിർഷയും തമ്മിലുള്ള ഒരു നൊമ്പരപ്പെടുത്തുന്ന സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അച്ഛൻ മരിച്ച സംഭവത്തെക്കുറിച്ച് മണി പറയുന്നതിങ്ങനെ. ചിത കത്തികൊണ്ടിരിക്കുമ്പോൾ, ചിത കത്തി ഇങ്ങനെ വീഴുകയാണ്. ഞാൻ ഇപ്പോഴും അതൊക്കെ ഓർക്കാറുണ്ട്. അച്ഛനെ ചിതയിൽ വച്ചിട്ട് വിറകൊക്കെ അടുക്കി വച്ചുകൊണ്ട് ഇരിക്കുകയാണ്. വിറക് വയ്ക്കുംമുമ്പേ ഞാൻ പറഞ്ഞു, അച്ഛന്റെ പുറം പൊട്ടിയിരിക്കുകയാണ്, പുറത്തിന്റെ സൈഡിൽ അൽപ്പം പഞ്ഞി വയ്ക്കണം എന്ന്. കാരണം അത്രയും നോക്കി വളർത്തിയ അച്ഛനാണ്. തീ കത്തുമ്പോൾ പോലും വേദന ഉണ്ടാകരുത് എന്നത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. എന്നാൽ പഞ്ഞി ചൂട് അടിച്ചാൽ ഉരുകുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ആ ഭാഗം ഒഴികെ ബാക്കി ഭാഗം കത്തി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ബോഡി മറിച്ചിടണം. അതിനു അപ്പോൾ ആരും ഉണ്ടായില്ല. അങ്ങനെ സ്വന്തം അച്ഛന്റെ ബോഡി നമ്മൾ തന്നെ മറിച്ചിടുകയാണ്. ആ സമയത്താണ് ഒരു സിനിമയ്ക്ക് തിരുവനന്തപുരത്തേക്ക് വിളിക്കുന്നത് ഞാൻ അത് മറിച്ചിട്ടിട്ടാണ് അതിന് പോകുന്നത്. നമ്മുടെ വിഷമങ്ങൾ നമ്മളുടേത് മാത്രമാണ്.
സമുദായം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ചെറിയവേഷങ്ങൾ ചെയ്‌ത് മണി ഉയരുകയായിരുന്നു. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായി അഭിനിയിച്ചു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകർ മണിയെ തേടിയെത്തി. ഉദ്യാനപാലകൻ, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളിൽ സീരിയസ് വേഷമായിരുന്നു.വിനയൻ എന്ന സംവിധായകനാണ് കലാഭവൻ മണിയെ നായകനിരയിലേക്കുയർത്തിയത്. വിനയൻ സംവിധാനം ചെയ്‌ത വാസന്തിയും ലക്ഷ്‌മിയും ഞാനും എന്ന ചിത്രത്തിൽ മണി നായകനായി. അന്ധഗായകനായ രാമു എന്ന കഥാപാത്രം സിനിമാപ്രേക്ഷകർ സ്വീകരിച്ചതോടെ മണിയുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടായി.നടൻ എന്നതിനൊപ്പം നല്ല ഗായകൻ കൂടിയാണ് കലാഭവൻ മണി. നാടൻ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനില്ല. സ്റ്റേജ് ഷോകളിൽ മണി പാടിയും ആടിയും സദസിനെ ഇളക്കി മറിച്ചു. ഒരുപാട് സിനിമകളിലെ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. ദേശീയ പുരസ്കാരം മുതലിങ്ങോട്ട് നിരവധി അവാർഡുകളും മണിയെ തേടിയെത്തി.