കാലം എത്ര പിന്നിട്ടാലും മൂല്യം നഷ്ടപ്പെടാത്ത സിനിമകൾ മലയാളത്തിൽ ചുരുക്കമാണ്. കലാമൂല്യമുള്ള അത്തരം സൃഷ്ടികളിലൂടെ മനുഷ്യ മനസ്സുകളിൽ ചിരഞ്ജീവികളായി മാറുന്ന കലാകാരന്മാരുണ്ട്. അത്തരത്തിൽ മലയാളിമനസ്സുകൾ ചിര പ്രതിഷ്ഠ നേടിയ കലാകാരനാണ് ലോഹിതദാസ് എന്ന തിരക്കഥാകൃത്തും സംവിധായകനും. അദ്ദേഹം ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്.
അദ്ദേഹത്തിന്റെ കഥയും കഥാപാത്രങ്ങളും സിനിമകളുമൊക്കെ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. എന്തുകൊണ്ടെന്നാൽ അവയെല്ലാം മനുഷ്യമനസ്സുകളെ തൊട്ടറിഞ്ഞവയായിരുന്നു. വാണിജ്യ ചേരുവകള്‍ വേണ്ടവിധം ഉള്‍ച്ചേര്‍ത്തുകൊണ്ട് പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളും സാമൂഹിക വിര്‍മശനങ്ങളും വ്യക്തമായി അദ്ദേഹം തന്റെ സിനിമകളിലൂടെ പറഞ്ഞുവെച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് ഇന്ന് ലോഹി ഇല്ലാതായപ്പോള്‍ ഇല്ലാതായിപ്പോയ ചില മനസ്സ് നിറയ്ക്കുന്ന കഥാപാത്രങ്ങളെ നഷ്ടമായിട്ടുണ്ടെന്നത് തീര്‍ച്ചയാണ്. 20 വര്‍ഷകാലമായിരുന്നു മലയാള സിനിമയില്‍ ലോഹിതദാസ് എന്ന പ്രതിഭ തിളങ്ങി നിന്നത്. 1987 മുതൽ 2007വരെ സിനികളുടെ ലോകത്തുതന്നെയായിരുന്നു അദ്ദേഹം. ആദ്യമായി തിരക്കഥയെഴുതിയ തനിയാവർത്തനം മുതൽ ഏറ്റവും ഒടുവിൽ നിവേദ്യം വരെ ഹൃദത്തിലേക്ക് ആഴത്തില്‍ വേരുറപ്പിച്ച കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച എഴുത്തുകാരനും സംവിധായകനുമായിരുന്നു ലോഹിതദാസ്.
1987-ൽ സിനിമയിലെത്തി. ലോഹി – സിബി മലയില്‍ കൂട്ടുകെട്ട് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മലയാളത്തിനു ലഭിച്ചിട്ടുണ്ട്. 1997ല്‍ ഭൂതക്കണ്ണാടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്. 1997ല്‍ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരവും ഭൂതക്കണ്ണാടിയിലൂടെ അദ്ദേഹത്തിന് ലഭിച്ചു. കൂടാതെ മറ്റു തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. അമ്പഴത്തില് കരുണാകരന് ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസ് 2009 ജൂണ്‍ 28 ന് വിടപറഞ്ഞതോടെ മലയാള സിനിമയ്ക്ക് ഹൃദയം തൊടുന്ന കഥകളേയും കഥാപാത്രങ്ങളേയും കൂടിയാണ് നഷ്ടമായത്. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ജയറാമും കുഞ്ചാക്കോ ബോബനുമൊക്കെ ലോഹിയുടെ കഥകളിലൂടെ വേറിട്ട നായകന്മാരായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. തനിയാവര്‍ത്തനം, മൃഗയ, കുട്ടേട്ടൻ, ഭൂതക്കണ്ണാടി, അമരം, വാത്സല്യം പാഥേയം, കൗരവർ തടുങ്ങി നിരവധി ശ്രദ്ധേയ സിനിമകള്‍ അദ്ദേഹം മമ്മൂട്ടിക്ക് സമ്മാനിച്ചപ്പോള്‍ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറി. കിരീടം, ദശരഥം, കമലദളം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ധനം, ചെങ്കോൽ, കന്മദം തുടങ്ങി നിരവധി സിനിമകള്‍ മോഹൻലാലിനായും അദ്ദേഹം എഴുതുകയുണ്ടായി. 1986ൽ മലയാള നാടകവേദിയില്‍ എത്തിയ അദ്ദേഹം സിന്ധു ശാന്തമായൊഴുകുന്നു, അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവര്‍ തുടങ്ങിയ നാടകങ്ങള്‍ ഒരുക്കിയിട്ടുണ്ട്.