സിനിമാ സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ സംഗീത സംവിധായകനാണ് യുവന്‍ ശങ്കര്‍ രാജ. പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ മകനാണു യുവൻ. 125 ല്‍ അധികം സിനിമകള്‍ക്ക് വേണ്ടി പാട്ടുകളൊരുക്കിയ യുവന്‍ ശങ്കര്‍ രാജയുടെ സ്വകാര്യ ജീവിതം പലപ്പോഴും വിവാദങ്ങളെ ക്ഷണിച്ചിട്ടുണ്ട്. ഹിന്ദു മതത്തില്‍ നിന്നും വേര്‍പെട്ട്, യുവന്‍ ശങ്കര്‍ രാജ മുസ്ലീം മതം സ്വീകരിച്ചതും തുടര്‍ന്നുള്ള വിവാദങ്ങളുമെല്ലാം വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ തന്റെ മത വിശ്വാസത്തെ ചോദ്യം ചെയ്തവര്‍ക്ക് തക്ക മറുപടി നല്‍കി യുവന്‍ ശങ്കര്‍ രാജ രംഗത്തെത്തിയിരിയ്ക്കുന്നു. കഴിഞ്ഞ ദിവസം യുവന്‍ ഖുര്‍ ആന്‍ ല്‍ നിന്നും എടുത്ത ചില വരികൾ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. അവര്‍ പദ്ധതിയിടുന്നു, അല്ലാഹു ആസൂത്രണം ചെയ്യുന്നു. ഏറ്റവും മികച്ച ആസൂത്രകന്‍ അല്ലാഹു ആണ് എന്നായിരുന്നു യുവന്‍ ശങ്കര്‍ രാജ പങ്കുവച്ച ഖുർആൻ വചനം.
എന്നാല്‍ യുവന്റെ സംഗീത പ്രേമികളിൽ ചിലർക്ക് എല്ലാം ഈ പോസ്റ്റ് അത്ര രസിച്ചിരുന്നില്ല. അതിൽ പലരും പോസ്റ്റിൽ തന്നെ പ്രതികരിച്ചിരുന്നു. നിങ്ങളുടെ സംഗീതത്തെ ആസ്വദിയ്ക്കുന്നത് കൊണ്ടാണ് ഈ പേജ് ഫോളോ ചെയ്യുന്നത് എന്ന് പറഞ്ഞ ആരാധകനോട്, എന്നാല്‍ നിങ്ങളിനി ഫോളോ ചെയ്യേണ്ട ആവശ്യമില്ല എന്നായിരുന്നു യുവന്‍ ശങ്കര്‍ രാജയുടെ പ്രതികരണം.
ഞാനൊരു ഇന്ത്യക്കാരനും, തമിഴനും, മുസ്ലീം മത വിശ്വാസിയുമാണെന്ന് ഓരോ കമന്റുകള്‍ക്കുമുള്ള മറുപടിയായി യുവന്‍ ശങ്കര്‍ രാജ പ്രതികരിച്ചു. എന്റെ മതം മാറ്റവും, എന്റെ മത വിശ്വാസവുമെല്ലാം എന്റെ തീരുമാനം ആണെന്ന് മറ്റൊരു കമന്റിന് മറുപടിയായി യുവന്‍ പറഞ്ഞു. എന്താണ് ഇതിലിത്ര വിവാദമാക്കാനുള്ളത് എന്നും അദ്ദേഹം ചോദിയ്ക്കുന്നുണ്ട്. ഞാന്‍ വിശ്വസിക്കുന്ന മത ചിന്തയില്‍ നിന്ന് എനിക്കിഷ്ടപ്പെട്ട വചനങ്ങള്‍ ഞാന്‍ പങ്കുവച്ചു, അതിനെ എന്തിനാണ് ഇങ്ങനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്. ഇതെന്റെ വിശ്വാസമാണ് എന്ന തരത്തിലാണ് യുവന്‍ ശങ്കര്‍ രാജ മറുപടികള്‍ നല്‍കിയത്.