ഇന്റസ്ട്രിയല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ (ഐ.ഡി.ബി.ഐ) 134 സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ ഒഴിവുകൾ. ഡി.ജി.എം, എ.ജി.എം, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇന്നു മുതല്‍ അപേക്ഷിക്കാനുള്ള അവസരമുണ്ട്. 2021 ജനുവരി 7 ആണ് അവസാന തീയതി. മൊത്തം 134 ഒഴിവുകളാണുള്ളത്.
ഡി.ജി.എം (ഗ്രേഡ് ഡി)-11, എ.ജി.എം (ഗ്രേഡ് സി)-52, മാനേജര്‍ (ഗ്രേഡ് ബി)- 62, അസിസ്റ്റന്റ് മാനേജര്‍ (ഗ്രേഡ് എ)-09, എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രിലിമിനറി സ്‌കീനിങ് ആണ് ഇതിന്റെ ആദ്യ ഘട്ടം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മറ്റ് വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. ഇവരെ ഗ്രൂപ്പ് ഡിസ്‌ക്കഷന്‍/ അഭിമുഖത്തിനായി ക്ഷണിക്കും. അന്തിമ തെരഞ്ഞെടുപ്പ് അഭിമുഖത്തിനെ അടിസ്ഥാനമാക്കിയായിരിക്കും. 100 മാര്‍ക്കിന്റെ അഭിമുഖമാണ്. ജനറല്‍ വിഭാഗത്തിന് യോഗ്യത നേടാന്‍ കുറഞ്ഞത് 50 മാര്‍ക്ക് നേടണം. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 45 മാര്‍ക്ക് മതിയാകും. അഭിമുഖം/ ഗ്രൂപ്പ് ഡിസ്‌ക്കഷനില്‍ ജയിക്കുന്നവര്‍ക്ക് മെഡിക്കല്‍ ടെസ്റ്റുണ്ടാകും.
ബിരുദം, ബി.ഇ/ ബി.ടെക്/ എം.ഇ/ എം.ടെക്, എം.ബി.എ, എം.സി.എ, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകളുള്ളവര്‍ക്ക് യോഗ്യത അനുസരിച്ച് അതത് തസ്തികകളിലേക്ക് അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തിന് 700 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 150 രൂപ അടച്ചാല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഐ.ഡി.ബി.ഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.idbibank.in സന്ദര്‍ശിക്കുക.