120 മീറ്റർ താഴ്ചയിൽ മണ്ണിനടിയിലെ അദ്ഭുതലോകം

റൊമേനിയയിലെ സലിന തുർദ ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത് ലോകപ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയിലാണ്.  ഭൂമിക്കടിയില്‍ നൂറു മീറ്ററോളം ആഴത്തില്‍ ഉണ്ടാക്കിയ ഒരു അദ്ഭുത തീം പാര്‍ക്കാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 2008 ൽ ആറു ദശലക്ഷം യൂറോ ചെലവഴിച്ചാണ്  ഈ തീം പാര്‍ക്ക് നിർമ്മിച്ചത്. 2010-ല്‍ തുറന്ന ഈ പാര്‍ക്ക് വര്‍ഷംതോറും ലക്ഷക്കണക്കിന്‌ സഞ്ചാരികളാണ് സന്ദര്‍ശിക്കുന്നത്. ലോകത്ത് മറ്റെവിടെയും കിട്ടാത്ത തരത്തിലുള്ളതും തികച്ചും വ്യത്യസ്തവുമായ ഒരു അനുഭവമായിരിക്കും ഭൂമിക്കടിയിലെ തീം പാര്‍ക്കിലേക്കുള്ള യാത്ര.

ഇടുങ്ങിയ തുരങ്കങ്ങള്‍ക്കിടയിലൂടെയാണ് ഈ തീം പാര്‍ക്കിനുള്ളിലേക്ക് കടക്കുന്നത്. സീലിങ്ങിനു മുകളിലുള്ള നിയോൺ ലൈറ്റുകള്‍ക്കിടയിലൂടെ, 40 മീറ്റര്‍ താഴെയായി തീം പാര്‍ക്കിന്‍റെ ദൃശ്യം കാണുന്നതു തന്നെ അവിശ്വസനീയമാണ്. ഇവിടെ നിന്നും സഞ്ചാരികള്‍ക്ക് ഒന്നുകില്‍ തുരങ്കത്തിലൂടെ നടക്കാം, അല്ലെങ്കില്‍ ഗ്ലാസ് എലിവേറ്ററില്‍ താഴെയുള്ള പ്രധാന ഫ്ലോറിലേക്ക് പോകാം.ഒരു മിനിഗോൾഫ് കോഴ്‌സ്, ബില്യാർഡ് ടേബിളുകൾ, പിംഗ് പോംഗ് ടേബിളുകൾ, ഒരു ഹാൻഡ്‌ബോൾ കോർട്ട് എന്നിവ പാര്‍ക്കിനുള്ളിലുണ്ട്. എന്നാല്‍ 20 മീറ്റർ ഉയരമുള്ള ഫെറിസ് വീലാണ് ഇവിടെ ഏറ്റവും ജനപ്രിയം.

ഭൂമിയിൽ നിന്ന് 120 മീറ്റർ താഴെയുള്ള മറ്റൊരു ഗുഹയിലേക്ക് സഞ്ചാരികളെ കൊണ്ടുപോകാനായി ഒരു എലിവേറ്റര്‍ കൂടിയുണ്ട് ഇവിടെ. ഇതിന്‍റെ മധ്യഭാഗത്തായി അതിമനോഹരമായ ഒരു ഭൂഗർഭ തടാകം കാണാം. പാഡിൽ ബോട്ട് വാടകയ്‌ക്കെടുത്ത് യാത്ര ചെയ്യാനുള്ള അവസരവും ഇവിടെ സഞ്ചാരികള്‍ക്ക് ലഭിക്കും. സലീന തുർദയ്ക്കുള്ളില്‍ അനുഭവപ്പെടുന്ന അന്തരീക്ഷസ്ഥിതിയ്ക്ക് ചില ആരോഗ്യഗുണങ്ങളുണ്ടെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു. ആസ്മ, പനി, വിട്ടുമാറാത്ത ചർമ്മ, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്ക് ഇതിനുള്ളിലെ ഉപ്പു കലര്‍ന്ന വായും നല്ലതാണെന്ന് നിരവധിപ്പേര്‍ വിശ്വസിക്കുന്നു.

ഏകദേശം നാല്‍പ്പതു മിനിറ്റോളം കാണാനുള്ള കാഴ്ചകള്‍ ഇതിനുള്ളിലുണ്ട്. അതേസമയം ഖനിയിലേക്കുള്ള പ്രവേശനത്തിന് മുതിർന്നവർക്ക് ഏകദേശം 728 രൂപയും കുട്ടികൾക്ക് 364 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഉള്ളില്‍ ഓരോ ആക്റ്റിവിറ്റികള്‍ക്കും പ്രത്യേകം ചാര്‍ജ് ഈടാക്കും. ഫെറിസ് വീലില്‍ ഉള്ള യാത്രക്ക് 91 രൂപ, പാഡിൽ ബോട്ട് വാടകയ്‌ക്കെടുക്കാൻ 364 എന്നിങ്ങനെയാണ് നിരക്കുകള്‍.

Related posts