ഇന്റര്‍നെറ്റ് നമ്മുടെ ലോകത്ത് മണിക്കൂറുകളോളം തടസപ്പെടുക എന്നത് ഒരു തരത്തിലും ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. വിവര സാങ്കേതിക വിദ്യയുടെ വികാസത്തോടെ നമ്മളെല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഡാറ്റയുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. രാജ്യങ്ങളില്‍ സര്‍ക്കാരുകള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ ഉയരുമ്ബോഴും കലാപ സമയത്തും ഭരണകൂടം ഇപ്പോള്‍ നടപ്പാക്കുന്ന രീതിയാണ് ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തുക, മൊബൈല്‍ ടവറുകള്‍ നിശ്ചലമാക്കുക എന്നത്. ഇതോടെ
ജനങ്ങള്‍ തമ്മിലുളള ആശയവിനിമയ സംവിധാനവും സോഷ്യല്‍ മീഡിയ വഴി പുറം ലോകത്തെ വാര്‍ത്തകള്‍ അറിയിക്കുന്നതും തടയാന്‍ ഭരണകൂടത്തിന് കഴിയുന്നു. മ്യാന്‍മാറില്‍ ഇപ്പോളുണ്ടായ സൈനിക അട്ടിമറി സമയത്ത് ജനങ്ങള്‍ ഇത്തരത്തിലുളള ഇന്റര്‍നെറ്റ് നിരോധനത്തെ മറികടന്നത് ഫലപ്രദമായിട്ടാണ്. അതിന് സഹായിച്ചതാകട്ടെ ബ്രിഡ്ജ്ഫൈ എന്ന ഓഫ് ലൈന്‍ മെസേജിങ് ആപ്പ്. രണ്ട് ദിവസത്തിനുളളില്‍ 11.50 ലക്ഷം പേരാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. എന്താണ് ബ്രിഡ്ജ് ഫൈ എന്നും അതിന്റെ പ്രത്യേകതകള്‍ എന്താണെന്നും നോക്കാം.
കണക്റ്റിങ് ദി അണ്‍കണക്റ്റഡ് എന്നാണ് ബ്രിഡ്ജ് ഫൈയുടെ ടാഗ് ലൈന്‍. ആന്‍ഡ്രോയിലും ഐഒഎസിലും ലഭിക്കുന്ന ഈ ആപ്പ് കോണ്‍ടാക്റ്റുകള്‍ സെറ്റ് ചെയ്യുന്നതിനും സിങ്ക് ചെയ്യുന്നതിനുമായി തുടക്കത്തില്‍ ഇന്റര്‍നെറ്റിന്റെ ആവശ്യം വേണ്ടിവരും. അതിന് ശേഷം ഇതിന് സമീപത്തുളളവരുമായി ഇന്റര്‍നെറ്റിന്റെ സഹായം ഇല്ലാതെ ആശയവിനിമയം നടത്താനാകും. ടാഗ് ലൈനില്‍ പറയുന്ന പോലെ ആശയവിനിമയ ഉപാധികള്‍ നഷ്ടമായവരെ പരസ്പരം ബന്ധിപ്പിക്കുക എന്നതാണ് ബ്രിഡ്ജ് ഫൈ ചെയ്യുന്നത്. ഫോണുകളിലെ ബ്ലു ടൂത്ത് കണക്റ്റിവിറ്റി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ ആപ്പിന് പ്രവര്‍ത്തിക്കാന്‍ ഡാറ്റയോ, എസ്‌എംഎസോ ആവശ്യമില്ല.
ബ്ലു ടൂത്ത് ആയതിനാല്‍ തന്നെ 330 അടി ദൂരപരിധിയില്‍ ബ്രിഡ്ജ് ഫൈ ഡൗണ്‍ലോഡ് ചെയ്ത മറ്റൊരാള്‍ ഉണ്ടെങ്കില്‍ മാത്രമാണ് ആശയവിനിമയം സാധ്യമാകുക. ഈ ദൂരപരിധിയ്ക്കുള്ളില്‍ ബ്രിഡ്ജ് ഫൈ ഉപയോക്താക്കളുടെ എണ്ണം എത്ര കൂടുന്നോ സന്ദേശ കൈമാറ്റത്തിന്റെ വേഗവും കൂടും. നിങ്ങള്‍ക്കും നിങ്ങളുടെ സന്ദേശം സ്വീകരിക്കുന്ന ആള്‍ക്കും ഇടയില്‍ ഇത്തരത്തില്‍ ആ ആപ്പിന്റെ ഉപഭോക്താക്കള്‍ ഒരു ശൃംഖല പോലെ പ്രവര്‍ത്തിക്കും. ഇതുവഴി ഒരാളുടെ ലൈവ് ലൊക്കേഷന്‍ പങ്കുവെക്കാനും സാധിക്കും.
പരിസരത്തുള്ള ബ്രിഡ്ജ് ഫൈ ഉപയോക്താക്കള്‍ക്കെല്ലാം സന്ദേശമെത്തിക്കാനുള്ള ബ്രോഡ്കാസ്റ്റ് സൗകര്യവുമുണ്ട്. പ്രക്ഷോഭങ്ങള്‍ നടക്കുമ്ബോഴോ, മറ്റ് വലിയ പരിപാടികളിലോ ഇന്റര്‍നെറ്റ് റദ്ദാക്കിയാല്‍ ആളുകള്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ ഇതിലൂടെ സാധിക്കും.നമ്മളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലെങ്കിലും സമീപത്തുള്ള ഉപയോക്താക്കളുമായി ആശയവിനിമയം നടത്താന്‍ അനുവദിക്കുന്ന ഒരു ബ്രോഡ്കാസ്റ്റ് ഫീച്ചറും ആപ്പിലുണ്ട്.
ബ്രിഡ്ജ്ഫൈയുടെ സ്വകാര്യതാ സുരക്ഷാ നയങ്ങളെക്കുറിച്ച് നേരത്തെ ചോദ്യങ്ങളുയര്‍ന്നിരുന്നതാണ്. എന്‍ക്രിപ്ഷന്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് ബ്രിഡ്ജൈഫൈയുടെ അവകാശ വാദം. പ്ലേ സ്റ്റോറിലെ വിവരണത്തില്‍ മെസേജുകള്‍ സംരക്ഷിക്കുന്നതിന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുവെന്നും ബ്രിഡ്ജ് ഫൈ രേഖപ്പെടുത്തിയിട്ടുണ്ട്.