കഴിഞ്ഞ ദിവസം കഴിഞ്ഞ ഇന്ത്യ- ഇഗ്ലണ്ട് ഒന്നാം ടെസ്റ്റിൽ രണ്ട് ബാറ്റ്സ്മാന്മാരുടെ പ്രകടനം തന്നെ നിരാശപ്പെടുത്തിയെന്ന് മുൻ ക്രിക്കറ്റ് താരം വി. വി. എസ് ലക്ഷ്മൺ. വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയും രോഹിത് ശർമ്മയും ആണ് ഇപ്പോൾ വി. വി. എസ് ലക്ഷ്മണിന്റെ വിമർശനത്തിന് ഇരയായിരിക്കുന്നത്. ഇവർ രണ്ടുപേരും കഴിഞ്ഞ മത്സരത്തിൽ തന്നെ നിരാശപ്പെടുത്തിയെന്നും ഇവർ ഇനിയുള്ള മത്സരത്തിൽ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കുമെന്നും പ്രതീക്ഷിക്കുന്നു എന്ന് ലക്ഷ്മൺ പറഞ്ഞു.
കഴിഞ്ഞ രണ്ട് ഇന്നിങ്സിലും രോഹിത് ശർമ വളരെ മോശം പ്രകടനമാണ് പുറത്തെടുത്തത്. ആറ് റൺസിനാണ് രോഹിത് ശർമ ആദ്യ ഇന്നിങ്സിൽ പുറത്തായതെങ്കിൽ രണ്ടാം ഇന്നിങ്സിൽ പന്ത്രണ്ട് റൺസിനാണ് പുറത്തായത്. എന്നാൽ നിരാശയുളവാക്കുന്ന ബാറ്റിംഗ് ആയിരുന്നു രഹാനയുടേത്. ആദ്യ ഇന്നിങ്സിൽ ഒരു റൺ മാത്രമെടുത്ത രഹാന രണ്ടാം ഇന്നിങ്സിൽ റൺസൊന്നും എടുക്കാതെയാണ് മടങ്ങിയത്.രണ്ടാം ഇന്നിങ്സിൽ ജയിംസ് ആൻഡേഴ്സണിന്റെ ബൗളിൽ രഹാനയുടെ പുറത്താകൽ തന്നെ തീർത്തും നിരാശപ്പെടുത്തിയിരുന്നു. ആൻഡേഴ്സനെ പോലെ മികച്ച ഒരു കളിക്കാരന്റെ പന്ത് നേരിടുമ്പോൾ ഫൂട്ട് വർക്ക് കൃത്യമായിരിക്കണം. ഇതിൽ രഹാനെ പരാജയപ്പെട്ടു. ആദ്യ ഇന്നിങ്സിൽ രോഹിത് പുറത്തായതും ഏറെക്കുറെ സമാനമായ രീതിയിലാണ്. ബാറ്റ്സ്മാൻ എന്ന നിലയിൽ തനിക്കു നേരെ ബൗൾ ചെയ്യുന്ന ബൗളറെ തിരിച്ചറിഞ്ഞുവേണം ആക്രമിക്കാൻ.
ഒന്നാം ടെസ്റ്റിൽ കൂറ്റൻ മാർജിനിലാണ് ഇഗ്ലണ്ട് വിജയം കൈവരിച്ചത്. ആ ആത്മവിശ്വാസത്തോടെയാണ് ഇഗ്ലണ്ട് ഇത്തവണ കളിക്കിറങ്ങുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ അടുത്തെന്നിരിക്കെ ഇന്ത്യയ്ക്ക് നേരിട്ട തോൽവി ഒരു തലവേദനയായിരിക്കുവാണ്. ഇനിയുള്ള മത്സരങ്ങൾ ഇന്ത്യയ്ക്ക് തീർത്തും നിർണായകമാണ്.