വൃദ്ധി വിശാൽ എന്ന യുകെജിക്കാരി കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ബാലതാരമാണ്. ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത് സീരിയൽ താരം അഖിലിന്‍റെ വിവാഹ ചടങ്ങിനിടെയുള്ള വൃദ്ധിയുടെ നൃത്തമാണ്. മാത്രമല്ല പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമയിൽ പൃഥ്വിയുടെ മകളായി വൃദ്ധി അഭിനയിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അനുമോൾ എന്ന കുട്ടിയുടെ കഥാപാത്രത്തെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയ്ക്കുവേണ്ടി വൃദ്ധി അവതരിപ്പിക്കുന്നുണ്ട്. ഇതേ പരമ്പരയിൽ പിച്ചാത്തി ഷാജി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഖിൽ ആനന്ദിൻ്റെ വിവാഹച്ചടങ്ങിനാണ് വൃദ്ധി വ്യത്യസ്തമായ പ്രകടനം കാഴ്ചവെച്ചത്. ഈ ചുവടുകൾ ക്യാമറയിൽ പകർത്തുകയും വളരെ വേഗം തന്നെ ജനശ്രദ്ധ നേടുകയും ചെയ്തു.
മാസ്റ്ററിലെ വാത്തി കമിങ് എന്ന ഗാനത്തിനാണ് വൃദ്ധി ഡാൻസ് ചെയ്തത്. ഈ കുട്ടിതാരത്തിന്റെ രസകരമായ നൃത്തച്ചുവടുകള്‍ വളരെ പെട്ടന്ന് തന്നെ സോഷ്യൽമീഡിയയിൽ വൈറലാവുകയായിരുന്നു. എളമക്കര ശ്രീശങ്കര സ്കൂളിൽ യൂ കെ ജി വിദ്യാർഥിനിയായ വൃദ്ധി നർത്തകരായ വിശാൽ കണ്ണൻ്റേയും ഗായത്രിയുടേയും മകളാണ്. സംവിധായകൻ ഷാജി കൈലാസ് എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രം ഈ വര്‍ഷം റിലീസിനായി ഒരുങ്ങുകയാണ്.