കടുവ ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ റിലീസിനുവേണ്ടി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നീണ്ടകാലത്തെ ഇടവേളക്ക് ശേഷം ഷാജി കൈലാസ് സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവക്കുണ്ട്. വിവേക് ഒബ്രോയാണ് ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ പൃഥ്വിരാജ് കേരളത്തിന്റെ കമൽഹാസനാണെന്ന് പറഞ്ഞിരിക്കുകയാണ് വിവേക് ഒബ്രോയ്. പൃഥ്വിരാജ് കൈവെക്കാത്ത മേഖലകളില്ല, അഭിനയിക്കും, പാട്ട് പാടും, ഡാൻസ് കളിക്കും, സിനിമ നിർമിച്ചിട്ടുണ്ട്, സംവിധാനം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ സിനിമയെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ് പൃഥ്വിരാജ്, സിനിമക്ക് വേണ്ടി ജീവിക്കുന്ന ആളാണ് അദ്ദേഹം. എന്നെ ഒരുപാട് രീതിയിൽ പൃഥ്വിരാജ് സ്വാധിനിച്ചിട്ടുണ്ട്. വിവേക് ഒബ്രോയ് പറഞ്ഞു.
മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് കടുവ നിർമിക്കുന്നത്. ലുസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലൻ വേഷത്തിൽ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. ജൂൺ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് ജൂലൈ 7ലേക്ക് മാറ്റി വെക്കുകയായിരുന്നു. ചില അപ്രതീക്ഷിത കാരണങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
ആദം ജോണിന്റെ സംവിധായകനും ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിർവഹിച്ചിരിക്കുന്നത്. സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്ക്സ് ബിജോയ്യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.