ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതത്തോട് സ്വദേശി വിസ്മയ(24)യെയാണ് തിങ്കളാഴ്ച രാവിലെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ മരണം ആത്മഹത്യാ അല്ല കൊലപാതകം ആണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. യുവതിയുടെ ഭർത്താവും അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ കിരണ്‍ കുമാർ ഒളിവിലാണ്.
കഴിഞ്ഞ ദിവസം സഹോദരന് അയച്ച വാട്സ്ആപ്പ് മെസേജിലാണ് ഭര്‍ത്താവ് മര്‍ദ്ദിച്ചതായി വിസ്മയ വെളിപ്പെടുത്തിയത്. മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ച് നല്‍കിയിരുന്നു. വിവാഹത്തിന് സ്ത്രീധനമായി നല്‍കിയ കാര്‍ കൊള്ളില്ലെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് വിസ്മയ പറഞ്ഞു. തന്നെയും അച്ഛനേയും അസഭ്യം പറഞ്ഞതായും കാറിന്റെ ചില്ല് തകര്‍ത്തതായും സന്ദേശത്തിലുണ്ടായിരുന്നു. ഭര്‍ത്താവ് മുഖത്ത് ചവിട്ടിയെന്നും വിസ്മയ വെളിപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ഭര്‍തൃവീട്ടിലെ പീഡനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വിസ്മയ സന്ദേശങ്ങള്‍ അയച്ചത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷമാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍ കുമാറും വിസ്മയയും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവരും തമ്മില്‍ കുറേയേറെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് വിസ്മയ വീട്ടിലേയ്ക്ക് വരികയും ചെയ്തു. പിന്നീട് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയ ശേഷം ഭര്‍തൃവീട്ടിലേയ്ക്ക് തിരികെ പോകുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷവും സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നു എന്നാണ് വാട്സ്ആപ്പ് സന്ദേശങ്ങള്‍ വ്യക്തമാക്കുന്നത്.