കേരളത്തിലെ രണ്ട് മെഡിക്കൽ വിദ്യാർത്ഥികളുടെ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നവീൻ കെ റസാക്കും ജാനകി ഓംകുമാറുമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോൾ ഇരുവരും ഇന്റർനെറ്റ് സെൻസേഷനായി മാറിയിരിക്കുകയാണ്.
നവീനാണ് ഈ നൃത്തപ്രകടനത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 1978 ലെ ബോണി എം ന്റെ ഹിറ്റ് ഗാനമായ റാസ്പുടിനാണ് കോളേജ് വരാന്തയിൽ നവീനും ജാനകിയും ചുവടുവച്ചത്. ഡാൻസറായ വനേസ സെക്കോയുടെ നൃത്തസംവിധാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടാണ് ഇരുവരും ഈ വീഡിയോ ചെയ്തത്. കൂടാതെ നവീനിന്റെയും ജാനകിയുടെയും ഊർജ്ജത്തോടും ഉത്സാഹത്തോടും കൂടിയുള്ള നൃത്തപ്രകടനം വളരെ ആവേശം പകരുന്നതായിരുന്നു.