സ്വന്തം ഭാര്യയെ നാല് തവണ വിവാഹം ചെയ്ത ആളാണ് ഞാൻ: വിനോദ് കോവൂർ മനസ്സുതുറക്കുന്നു!

കോമഡി ആസ്വാദകരായ ആർക്കും വിനോദ് കോവൂരിനെ അറിയാതിരിക്കില്ല. താരം മലയാളികൾക്ക് വളരെ പ്രിയങ്കരനാണ്. മിനിസ്‌ക്രീനിൽ സുരഭിയ്‌ക്കൊപ്പം എം 80 മൂസ എന്ന പരമ്പരയിൽ അവതരിപ്പിച്ച മൂസക്കായി എന്ന കഥാപാത്രം ആരും പെട്ടന്ന് മറക്കാൻ സാധ്യതയില്ല. ഹാസ്യ പാരമ്പരകളിലൂടെ മാത്രമല്ല സ്റ്റേജ് ഷോകളിലൂടെയും താരം മലയാളികൾക്ക് മുന്നിലെത്താറുണ്ട്. വിനോദ് തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചത് നാടകങ്ങളിലൂടെയാണ്. ഇപ്പോഴിതാ താരം തന്റെ വിവാഹജീവിതത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ്.

വളരെ സ്‌നേഹ സമ്പന്നനായ ഭർത്താവാണ് ഞാൻ. വീട്ടിൽ ഞാനും ഭാര്യയും മാത്രമേയുള്ളൂ. ഞങ്ങൾക്ക് മക്കളില്ല. അതൊരു സങ്കടം ഉണ്ട്. പക്ഷെ കുട്ടികൾ ഉണ്ടായിരുന്നെങ്കിൽ അവർക്ക് കൊടുക്കേണ്ട സ്‌നേഹം പോലും ഞാൻ ഭാര്യയ്ക്ക് കൊടുക്കുന്നുണ്ട്. ദൈവം എന്നോട് എന്തോ പരീക്ഷണം കാണിക്കുകയാണ്. ഞാൻ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. പക്ഷെ എന്തോ ഒരു കുഞ്ഞിനെ തരുന്നില്ല. വീട്ടിൽ എത്തിയാൽ ഞാൻ വളരെ ഹാപ്പിയാണ്. ഭാര്യയ്ക്ക് ഒപ്പം കറങ്ങാൻ പോവും. സിനിമകൾ കാണാൻ പോവും. ഇപ്പോൾ എറണാകുളത്തേക്ക് താമസം മാറിയതിന് ശേഷം ഞങ്ങൾ കൂടുതൽ ഹാപ്പിയായി ജീവിക്കുകയാണ്. മക്കളില്ല എങ്കിലും ഒരുപാട് കുഞ്ഞുങ്ങളുടെ സ്‌നേഹം നേടാൻ ചെയ്ത കഥാപാത്രങ്ങളിലൂടെ എനിക്ക് സാധിച്ചിട്ടുണ്ട്. സ്വന്തം ഭാര്യയെ നാല് തവണ വിവാഹം ചെയ്ത ആളാണ് ഞാൻ. പണം തരും പടം എന്ന ഷോയിൽ ഞാൻ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. അതിന് ശേഷം വിനോദ് കോവൂർ നാല് കെട്ടി എന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നു. മറ്റ് പെൺകുട്ടികളെ നാല് തവണ കെട്ടിയതല്ല, ഞാനെന്റെ സ്വന്തം ഭാര്യയെ തന്നെയാണ് നാല് പ്രാവശ്യം കല്യാണം കഴിച്ചത്.

ആദ്യത്തെ കല്യാണം ഭാര്യ വീട്ടിൽ വച്ചായിരുന്നു. ഗുരുവായൂരിൽ വച്ച് കല്യാണം കഴിക്കണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പക്ഷെ അന്ന് അമ്മാവൻമാർ എല്ലാം ഇടപെട്ട് വേണ്ട, ഭാര്യ വീട്ടിൽ നിന്ന് തന്നെ മതി എന്ന് പറഞ്ഞു. പക്ഷെ ആ ആഗ്രഹം മനസ്സിൽ തന്നെ കിടന്നു. കുറേ കാലം കഴിഞ്ഞപ്പോൾ ഒരു സ്വാമിജി എന്നോട് ചോദിച്ചു, കല്യാണം എവിടെ നിന്ന് എങ്കിലും കഴിക്കണം എന്ന് ആഗ്രഹിച്ചിട്ട് നടക്കാതെ ആയി പോയോ എന്ന്. ഞാൻ കാര്യം പറഞ്ഞപ്പോൾ, അത് എത്രയും വേഗം നടത്താൻ അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഭാര്യയെ രണ്ടാം തവണ ഗുരുവായൂരിൽ വച്ച് താലി കെട്ടിയത്. മൂന്നാമത്തെ കല്യാണം രാമേശ്വരത്ത് വച്ചായിരുന്നു. അവിടെ അങ്ങനെ ഒരു ചടങ്ങ് തന്നെയുണ്ട്. മൂകാംബികയിൽ പോയപ്പോൾ അവിടെ വച്ച് നാലാം തവണയും ഞാൻ എന്റെ സ്വന്തം ഭാര്യയെ വിവാഹം ചെയ്തു.

Related posts