ഗായകനായും നടനായുമൊക്കെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് വിനീത് ശ്രീനിവാസന്‍. കൂടാതെ സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നിര്‍മ്മാതാവ് തുടങ്ങി എല്ലാ മേഖലയിലും അദ്ദേഹം കഴിവുതെളിയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം വളരെ വിനയം ഉള്ള അദ്ദേഹത്തിന്റെ പെരുമാറ്റരീതികൊണ്ടും വിനീത് ശ്രീനിവാസൻ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. 2010ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് താരം സംവിധാനത്തിലേക്ക് എത്തുന്നത്. സൈക്കിൾ എന്ന ചിത്രത്തിലൂടെ താരം അഭിനയ രംഗത്തേക്കും എത്തിയിരുന്നു. ഇപ്പോഴിതാ സംവിധാനത്തിനിടയ്ക്കുള്ള അഭിനയം ബുദ്ധിമുട്ടാണെന്ന് പറയുകയാണ് വിനീത്.
ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ അഭിനയിച്ചപ്പോഴാണ് ഇത് മനസിലായത്. അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കൂടെ അഭിനയിക്കുന്ന ആളുടെ പെര്‍ഫോമന്‍സ് ഒരു സംവിധായകന്റെ കണ്ണിലൂടെ ഞാന്‍ ശ്രദ്ധിക്കുമെന്നും ഇതെല്ലാം പ്രശ്‌നമാകുമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമത്തോട് ആയിരുന്നു വിനീതിന്റെ പ്രതികരണം.
ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ രണ്ടുദിവസം അഭിനയിച്ചപ്പോഴാണ് മനസ്സിലാക്കിയത്. ഞാന്‍ കൂടി അഭിനയിക്കുമ്പോള്‍ ഷൂട്ടിന്റെ വേഗം കുറയും. ഞാന്‍ ക്യാമറയുടെ പിറകില്‍ നില്‍ക്കുമ്പോള്‍ എന്റെ സ്പീഡാണ് മൊത്തം ക്രൂവിന് ലഭിക്കുന്നത്. മറിച്ച്, ഞാനഭിനയിക്കുന്ന സമയത്ത് ഓരോ ഷോട്ട് കഴിയുമ്പോഴും ഓടി വന്ന് മോണിറ്ററില്‍ എന്റെ അഭിനയം എങ്ങനെയുണ്ടെന്ന് നോക്കുക, ഒന്നിച്ച് അഭിനയിക്കുന്ന നിവിന്റെ അഭിനയം എങ്ങനെയുണ്ടെന്ന് നോക്കുക, അതുപോലെ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കൂടെ അഭിനയിക്കുന്ന ആളുടെ പെര്‍ഫോമന്‍സ് ഒരു സംവിധായകന്റെ കണ്ണിലൂടെ ഞാന്‍ ശ്രദ്ധിക്കും. ഇതെല്ലാം പ്രശ്‌നമാണ്. അന്ന് തീരുമാനിച്ചതാണ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന്,’ വിനീത് പറഞ്ഞു.