ടികെ രാജീവ് കുമാറിന്റെ പവിത്രം എന്ന സിനിമ 25 വർഷം പിന്നിട്ടിട്ടും മലയാളികളുടെ മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ചിത്രമാണ്. ഇത് മോഹൻലാൽ, തിലകൻ, ശ്രീവിദ്യ, ശോഭന, വിന്ദുജ മേനോൻ തുടങ്ങിയവരുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ്. വിന്ദുജ മേനോൻ എന്ന ചേട്ടച്ഛന്റെ മീനുക്കുട്ടി 28 ഓളം സിനിമകളിലൂടെയും, ഒരുപിടി നല്ല ടെലിവിഷൻ പരമ്പരകളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസ്സുകവർന്നിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞു. വിന്ദുജ മേനോൻ എന്ന നടിയെ ഇന്നും സിനിമാ പ്രേക്ഷകർ നെഞ്ചേറ്റാൻ കാരണം 1994ൽ പുറത്തിറങ്ങിയ പവിത്രം എന്ന സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രമാണ്. അതിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് പിന്നീട് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുൻപിലും താരം എത്തിയിരുന്നു.
ഇപ്പോളിതാ താരം പുതിയ സന്തോഷവാർത്ത ആരാധകരെ അറിയിക്കുകയാണ്. വിന്ദുജയ്ക്ക് നൃത്തത്തിലും സംഗീതത്തിലും ആയി ഡോക്ടറേറ്റ് ലഭിച്ചിരിക്കുകയാണ്. താരത്തിന് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത് ഏഴു വർഷം നീണ്ട പരിശ്രമത്തിൻ്റെ ഫലമായാണ്. ഈ പ്രായത്തിൽ തന്നെ ഡോക്ടറേറ്റ് ലഭിച്ചത് ഭാഗ്യവും ദൈവാനുഗ്രഹവും ആയി കരുതുന്നു. ഞാൻ നൃത്തവും പാട്ടും പോലെ തന്നെയാണ് അഭിനയത്തെയും നോക്കി കാണുന്നത് എന്ന് താരം പറഞ്ഞു. ഒരു കാലത്ത് വിന്ദുജ കേരള സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ നിറ സാന്നിധ്യമായിരുന്നു. വിന്ദുജ 1991 ൽ കാസർകോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു.
വിന്ദുജയ്ക്ക് പവിത്രം ഇറങ്ങിയ നാളുകളിൽ കേൾക്കേണ്ടി വന്ന ചീത്തവിളികളെ കുറിച്ചും മറ്റും അടുത്തിടെ താരം തുറന്നുപറഞ്ഞിരുന്നു. അന്ന് സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് ഒന്നും അറിയില്ലായിരുന്നു. രാജീവേട്ടൻ പറയുന്നു, നമ്മൾ ചെയ്യുന്നു. അത്രേയുണ്ടായിരുന്നുള്ളു.ഇപ്പോഴും ആളുകൾ കാണുമ്പോൾ ചോദിക്കുന്നത് മുടിയെ കുറിച്ചാണ്. എന്തിനാ മുടി വെട്ടിക്കളഞ്ഞത്. പ്രത്യേകിച്ചും വയസായിട്ടുള്ളവരാണ് ഈ ചോദ്യവുമായി എത്തുന്നത്. മുടിയുടെ കാര്യത്തിൽ അവർക്ക് ദേഷ്യമാണ്. പിന്നെ ചേട്ടച്ഛനുമായി വഴക്ക് കൂടിയതിനാണ് ഏറ്റവും കൂടുതൽ വിമർശനം കേട്ടിട്ടുള്ളത്. തുടക്കത്തിൽ ഭയങ്കര വിഷമമായിരുന്നു. നിങ്ങൾക്ക് എങ്ങനയൊണ് മോഹൻലാലിനോട് അങ്ങനെ ചെയ്യാൻ തോന്നിയതെന്ന് ചോദിച്ച് എനിക്ക് വന്ന കത്തിൽ എല്ലാം ചീത്ത വിളിയായിരുന്നു. ഒരിക്കൽ രാജീവേട്ടനോട് ഞാനത് പരാതിയായി പറയുകയും ചെയ്തു. നീയത് നന്നായി ചെയ്തത് കൊണ്ടല്ലേ എന്ന് രാജീവേട്ടൻ പറഞ്ഞതോടെയാണ് അങ്ങനെ ചിന്തിക്കാൻ തുടങ്ങിയത്. എന്റെ ജീവിതത്തിലെ ഏറ്റവും പവിത്രമായൊരു പവിത്രം തന്നെയാണ് പവിത്രം എന്നും താരം പറഞ്ഞു.