സൂപ്പർഹിറ്റ് തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റിമേക്ക് ഒരുങ്ങുന്നു. ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹൃത്വിക് റോഷനാണ് ചിത്രത്തിൽ അധോലോക നായകനായ വേദയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെയ്‌ഫ് അലിഖാനാണ് പോലീസ് കഥാപാത്രമായ വികമായി എത്തുന്നത്. ചിത്രത്തിന് വേണ്ടി നേരത്തെ ആമിർ ഖാനെയാണ് തീരുമാനിച്ചിരുന്നത്. ഹൃത്വിക് എത്തിയത് ആമീറിന് പകരമായിട്ടാണ്. ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത് തമിഴ് ചിത്രമൊരുക്കിയ ഗായത്രി പുഷ്കർ ജോഡി തന്നെയാണ്.
ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ തമിഴ് പകർപ്പ് വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.ശശികാന്ത് 2017 ലാണ് നിർമിച്ചത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത് ആർ. മാധവൻ, വിജയ് സേതുപതി എന്നിവരാണ്. വിക്രം വേദയിലെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത് ശ്രദ്ധ ശ്രീനാഥ്, കതിർ, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ്. വിക്രം വേദയുടെ പ്രമേയം നായകൻ വില്ലൻ എന്ന പരമ്പരാഗത സങ്കൽപ്പത്തെ പൊളിച്ചടുക്കുന്നതായിരുന്നു. ബോക്സ് ഓഫീസിലെ തകർപ്പൻ വിജയത്തോടൊപ്പം മികച്ച നിരൂപക പ്രശംസയും ചിത്രം നേടി.