മലയാള സിനിമയിലെ പുതുതലമുറയിലെ നായകന്മാരിൽ തന്റെ അഭിനയശൈലി കൊണ്ട് വേറിട്ടു നിൽക്കുന്ന താരമാണ് ഫഹദ്. സ്വാഭാവിക അഭിനയകൊണ്ട് തന്റേതായ സ്ഥാനം നേടുവാൻ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമെ ഇപ്പോള്‍ ഫഹദ് അന്യഭാഷ ചിത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. നായകനായിട്ടല്ല, പ്രതിനായക വേഷത്തിലാണ് ഫഹദിന്റെ പേര് പറയുന്നത്. അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന പുഷ്പ എന്ന തെലുങ്ക് ചിത്രത്തില്‍ കരാറ് വയ്ക്കുന്നതിന് മുന്‍പേ ഫഹദ് കമല്‍ ഹാസന്‍ നായകനാകുന്ന വിക്രം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതായ വാര്‍ത്തകള്‍ വന്നിരുന്നു. രാഘവ ലോറന്‍സിന് വച്ചിരുന്ന വേഷം പിന്നീട് ഫഹദില്‍ എത്തുകയായിരുന്നു.
വിക്രം എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണ്. കമല്‍ ഹാസനും ഫഹദ് ഫാസിലിനും പുറമെ മറ്റൊരു നടന്റെ പേര് കൂടെ ഇപ്പോള്‍ സിനിമയ്‌ക്കൊപ്പം പറഞ്ഞു കേള്‍ക്കുന്നു. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയെയും വിക്രം എന്ന ചിത്രത്തിലെ ഒരു പ്രധാന വേഷത്തിനായി പരിഗണിച്ചിട്ടുണ്ടത്രെ. എന്നാല്‍ വിജയ് സേതുപതി ചിത്രത്തില്‍ കരാര് ഒപ്പു വച്ചിട്ടില്ല. നായക വേഷത്തിനൊപ്പം വില്ലന്‍ വേഷങ്ങളും സഹതാര വേഷങ്ങളും ചെയ്യുന്ന വിജയ് സേതുപതി ഏറ്റെടുത്ത സിനിമകളുമായി വളരെ അധികം തിരക്കിലാണ്. അതേ സമയം ലോകേഷ് – കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രം ഒഴിവാക്കാനും വയ്യ. ഷെഡ്യൂളിൽ മാറ്റം വരുത്തിയെങ്കിലും വിജയ് സേതുപതി വിക്രം ഏറ്റെടുക്കും എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
ലോകേഷ് കനകരാജ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത മാസ്റ്റര്‍ എന്ന ചിത്രത്തില്‍ വിജയ് യുടെ വില്ലനായി തകര്‍പ്പന്‍ പ്രകടനമായിരുന്നു വിജയ് സേതുപതിയുടേത്. ഉലകനായകൻ കമലഹാസൻ ആണ് ചിത്രത്തിലെ നായകൻ. പേട്ട എന്ന ചിത്രത്തിൽ രജനികാന്തിന്റെ വില്ലനായും താരം അഭിനയിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടൊക്കെ തന്നെ വിക്രം എന്ന ചിത്രം വിജയ് സേതുപതി ഏറ്റെടുക്കും എന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. മുൻപ് സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിനായി വിജയ് സേതുപതിയും ഫഹദും ഒരുമിച്ചിരുന്നു. അങ്ങനെയെങ്കില്‍ ഫഹദ് ഫാസിലും കമല്‍ ഹസനും വിജയ് സേതുപതിയും ഒന്നിക്കുന്ന വിക്രം സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ വലിയ നേട്ടം തന്നെയായിരിയ്ക്കും!