വിജയ് എന്ന ദളപതി വിജയ്ക്ക് തെന്നിന്ത്യയിൽ ഒട്ടാകെ നിരവധി ആരാധകരാണ് ഉള്ളത്. താരത്തിന്റെ ചിത്രങ്ങൾക്ക് തമിഴിലെന്ന പോലെ തന്നെ മറ്റു ഭാഷകളിലും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ വിജയ് തെലുങ്കില്‍ അരങ്ങേറുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. പ്രശസ്ത തെലുഗു സംവിധായകന്‍ വംശി പെയ്‌ഡിപ്പല്ലിയുടെ ചിത്രത്തിലൂടെയായിരിക്കും വിജയ് തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്ന എന്ന പ്രഭാസ് ചിത്രത്തിലൂടെ ക്രൈം ത്രില്ലറിലൂടെ തുടക്കമിട്ട സംവിധായകനാണ് വംശി പെയ്‌ഡിപ്പല്ലി. രണ്ടാമത്തെ ചിത്രമായ ബൃന്ദാവനത്തില്‍ ജൂനിയര്‍ എന്‍.ടി. ആറും കാജല്‍ അഗര്‍വാളും സാമന്തയുമായിരുന്നു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ഒഡിയ, കന്നഡ, ബംഗാളി, ബംഗ്ളാദേശി, ഭോജ്‌പുരി, മറാത്തി ഭാഷകളിലേക്ക് ഈ ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്.
മൂന്നാമത്തെ ചിത്രമായ യെവടുവി ല്‍ അല്ലു അര്‍ജുനും രാംചരണ്‍ തേജയുമായിരുന്നു നായകന്മാര്‍. 35 കോടി മുതല്‍മുടക്കിലൊരുക്കിയ ചിത്രം 60 കോടിക്ക് മേല്‍ കളക്‌ട് ചെയ്തു. നാഗാര്‍ജുന, കാര്‍ത്തി, തമന്ന എന്നിവരഭിനയിച്ച ഊപ്പിരി എന്ന ചിത്രമാണ് വംശി പെയ്‌ഡിപ്പല്ലി നാലാമതായി ഒരുക്കിയത്. തോഴാ എന്ന പേരില്‍ തമിഴിലും ഒരുക്കിയ ഈ ചിത്രം അതിഗംഭീര വിജയമായി. മഹേഷ് ബാബു നായകനായ മഹര്‍ഷിയാണ് വംശി പെയ്‌ഡിപ്പല്ലി ഒടുവില്‍ ചെയ്ത ചിത്രം. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം മഹര്‍ഷി സ്വന്തമാക്കിയിരുന്നു. വംശിയുടെ ആദ്യ ചിത്രമായ മുന്ന നിര്‍മ്മിച്ച ദില്‍രാജുവാണ് വിജയ് നായകനാകുന്ന പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്. ഒരേ സമയം തെലുങ്കിലും തമിഴിലും ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററാണ് വിജയ്‌യുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നൂറ്റി അമ്ബത് കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച ചിത്രം ബോക്സോഫീസില്‍ മുന്നൂറ് കോടിക്ക് മേല്‍ കളക്‌ട് ചെയ്തിരുന്നു.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിക്കുന്നത്. നയന്‍താര നായികയായ കൊലമാവ് കോകില, ശിവകാര്‍ത്തികേയന്‍, നായകനായ ഡോക്ടര്‍ എന്നീ ചിത്രങ്ങളൊരുക്കിയ നെല്‍സണ്‍ ദിലീപ് കുമാറിന്റെ ചിത്രത്തില്‍ ഇന്റര്‍പോള്‍ ഏജന്റായാണ് വിജയ് അഭിനയിക്കുന്നത്. ജോര്‍ജിയയില്‍ ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം പൂര്‍ത്തിയായത് കഴിഞ്ഞ മാസം അവസാനമാണ്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പൂജാ ഹെഗ്‌ഡേയാണ് വിജയ്യുടെ നായികയാകുന്നത്. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷം വിജയ് തെലുങ്ക് ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് സൂചന. മാസ്റ്ററിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ് മൈത്രി മൂവി മേക്കേഴ്‌സിന് വേണ്ടി ഒരുക്കുന്ന ചിത്രത്തിനും വിജയ് സമ്മതം മൂളിയിട്ടുണ്ട്.