സംവിധായകൻ റോജിൻ തോമസ് ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ കുടുംബചിത്രമാണ് ഹോം. ഇതിനോടകം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ദ്രൻസ് അഭിനയത്തിൽ നാൽപതാം വർഷം തികയ്ക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ 351 ആമത്തെ ചിത്രംകൂടിയാണ് ഹോം. ഇന്ദ്രൻസിനെ കൂടാതെ ചിത്രത്തിൽ ശ്രീനാഥ് ഭാസി, മഞ്ജു പിള്ള എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ് ബാബു നിർമ്മിച്ച ചിത്രത്തിലെ ഒളിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് നടൻ ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്.
ഇപ്പോൾ ഹോം എന്ന ചിത്രത്തിലെ ഇന്ദ്രൻസ് എന്ന നടന്റെ പ്രകടനത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നിർമാതാവായ വിജയ് ബാബുവും സംവിധായകനായ റോജിൻ തോമസും. വളരെ പ്രതിഭയുള്ള നടനാണ് ഇന്ദ്രൻസ് എന്ന താരം. ക്ലൈമാക്സിൽ ഇന്ദ്രൻസ് ചേട്ടന്റെ അഭിനയം കണ്ടുനിന്ന സംവിധായകൻ റോജിൻ തോമസ് പോലും കരഞ്ഞു പോയെന്നാണ് വിജയ് ബാബു പറയുന്നത്. എന്നാൽ അത് സങ്കടംകൊണ്ട് കരഞ്ഞതല്ല സന്തോഷ കണ്ണീരാണ് എന്നും റോജിൻ പറഞ്ഞു. ഏഴ് വർഷമായി മനസ്സിൽ കിടക്കുന്ന കഥാപാത്രങ്ങളാണ് ഹോം എന്ന ചലച്ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ.
അതുകൊണ്ടുതന്നെ ഈ ചിത്രങ്ങളെല്ലാം സ്ക്രീനിൽ ജീവനോടെ കാണുമ്പോൾ പ്രതീക്ഷിക്കാതെ മനസ്സിലുണ്ടാകുന്ന തേങ്ങലുകൾ എല്ലാംതന്നെ കരച്ചിലായി പുറത്തേക്ക് വന്നതാണ്. ഒരുപക്ഷേ അത് ഒരു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒരു സംവിധായകന് മാത്രം അനുഭവിക്കാൻ കഴിയുന്ന ഒരു ഫീലിംഗ് ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ചിത്രമാണ് ഹോം.