കരിയറിലെ 65 ആം ചിത്രത്തിന് തുടക്കമിട്ട് ഇളയ ദളപതി വിജയ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. ഈ വരുന്ന മെയ് മാസത്തിൽ ചിത്രീകരണം ആരംഭിക്കുകയും റഷ്യ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ എന്നുമാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നു കൊണ്ടിരിക്കവേ വിജയുടെ കഥാപാത്രത്തെ കുറിച്ചുള്ള സൂചനകളും പുറത്ത് വന്നിട്ടുണ്ട്. വിജയ് ചിത്രത്തിൽ എത്തുന്നത് ഇതുവരെ പ്രേക്ഷകർ കാണാത്ത റോളിൽ ആയിരിക്കും. ആളുകളെ കബളിപ്പിക്കുന്നതിൽ പ്രഗത്ഭനായ ഒരു കോൺ ഏജന്റിന്റെ വേഷത്തിൽ വിജയ് എത്തുന്ന ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആയിരിക്കും.
ചിത്രത്തിന്റെ സംഗീതം നൽകുന്നത് അനിരുദ്ധ് രവിചന്ദ്രൻ ആണ്. നായികയായി പൂജാ ഹെഗ്‌ഡെ എത്തുമ്പോൾ ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ധിഖിയാണ് പ്രതിനായക വേഷത്തിൽ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. വിജയിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ ആണ്. ചിത്രത്തിൽ പ്രതിനായക വേഷത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതി തകർത്താടിയപ്പോൾ നായികയായി എത്തിയത് മാളവിക മോഹൻ ആണ്.