തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് വിഘ്നേഷ് ശിവൻ. പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് താരം സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നാനും റൗഡി താൻ, താന സേർന്ത കൂട്ടം തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകർക്ക് താരം സമ്മാനിച്ചിരുന്നു. തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുമായുള്ള പ്രണയം താരത്തെ മലയാളികൾക്കും സുപരിചിതനാക്കി.
ഇപ്പോഴിതാ ശബരിമലയിൽ ദർശനം നടത്തിയതിനെ കുറിച്ച് പറയുകയാണ് വിഘ്നേഷ് ശിവൻ. മകരജ്യോതി ദർശനത്തിനായാണ് വിഘ്നേഷ് സന്നിധാനത്തെത്തിയത്. ശബരിമല സന്ദർശിച്ച വിശേഷം വിഘ്നേഷ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. 2020ലും മകരവിളക്ക് ദിനത്തിൽ അയ്യനെ ദർശിക്കാൻ വിഘ്നേഷ് ശബരിമലയിൽ എത്തിയിരുന്നു. നടൻ ജയറാമും ഇന്ന് ശബരിമലയിൽ സന്ദർശനം നടത്തി. ലക്ഷകണക്കിന് ഭക്തജനങ്ങളാണ് മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തേക്ക് എത്തുന്നത്. മകരവിളക്കിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. കഴിഞ്ഞ ദിവസം ബോളിവുഡ് താരം അജയ് ദേവ്‌ഗണും ശബരിമലയിൽ ദർശനം നടത്തിയിരുന്നു. കൊച്ചിയിൽ നിന്നും ഹെലികോപ്ടർ മാർഗ്ഗമാണ് അദ്ദേഹം നിലയ്ക്കലിലെത്തിയത്.