വിദ്യ ബാലൻ നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ്. താരം ഒരുപാട് നല്ല ചിത്രങ്ങൾ ചെയ്തുകൊണ്ട് ഹിന്ദി സിനിമാമേഖലയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ദ ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലൂടെ താരത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. ശേഷം നടിയെ തേടി ഒരുപാട് സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ എത്തിയിരുന്നു. വളരെ വിഷമിച്ചാണ് താരം കരിയറിൽ തന്റെ സ്ഥാനമുറപ്പിച്ചതും ഫീൽഡിൽ തിളങ്ങി നിന്നതും. കരിയറിന്റെ ആരംഭത്തിൽ തനിക്ക് നേരിടേണ്ടിവന്ന പരിഹാസങ്ങളെയും അപമാനങ്ങളെയും കുറിച്ച് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് നടി. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി നടി രംഗത്ത് എത്തിയിരുന്നു.
ഇപ്പോഴിതാ സിനിമയിലെ ആദ്യ കാലങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം. രാത്രി ആരുമില്ലാത്തപ്പോൾ അമ്പലത്തിൽ പോയി ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു എന്ന് വിദ്യ ബാലൻ പറയുന്നു. കരിയറിൽ ആദ്യം ചെയ്ത സിനിമകളിൽ ഒന്നാണ് ലോഹിതദാസിന്റെ ചക്രം. മോഹൻലാൽ ആയിരുന്നു അതിൽ നായകൻ. എന്നാൽ ആ സിനിമ നടക്കാതെ പോയി. മോഹൻലാലിനൊപ്പമുള്ള സിനിമ നടക്കാതെ പോയതോടെ തെന്നിന്ത്യൻ സിനിമാലോകം വിദ്യയെ കറുത്ത പൂച്ച എന്ന് മുദ്രകുത്തി. ഇതിനു പിന്നാലെ പല പ്രോജക്ടുകളിൽ നിന്നും വിദ്യ ഒഴിവാക്കപ്പെടുകയോ അത് നടക്കാതെ പോവുകയോ ചെയ്തു. ഇതോടെ താൻ കടുത്ത നിരാശയിലായെന്നും വീടിനടുത്തുള്ള ഒരു ക്ഷേത്രത്തിൽ പോയാണ് ആ വിഷമങ്ങൾ പറഞ്ഞു തീർത്തിരുന്നതെന്നും വിദ്യ പറയുന്നു.
‘മൂന്ന് വർഷത്തിനിടയിൽ, പാതിവഴിയിൽ നിന്നുപോയ രണ്ടു സിനിമകൾ എന്റെ കരിയറിലുണ്ടായി. കാസ്റ്റ് ചെയ്ത ശേഷം ഒഴിവാക്കിയ ഒമ്പത് സിനിമകളും ഒരാഴ്ചയോളം ഷൂട്ടിങ് കഴിഞ്ഞിട്ട് എന്നെ മാറ്റുന്ന ഒരു സാഹചര്യവും ഉണ്ടായി. വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു അത്. ഞാൻ ഒരുപാട് പ്രാർത്ഥിക്കുന്ന ആളാണ്, ഈ സംഭവങ്ങൾ എന്നെ തകർത്തു. ചെമ്പൂരിലെ എന്റെ വീടിനോട് ചേർന്ന് ഈ സായിബാബ മന്ദിരം ഉണ്ടായിരുന്നു, രാത്രിയിൽ ആരുമില്ലാത്ത സമയത്ത് ഞാൻ അവിടെ പോകും. ഞാൻ അവിടെ ഇരുന്ന് ബാബയുമായി സംസാരിക്കും, ഇതിനു വേണ്ടിയാണെങ്കിൽ എനിക്ക് എന്തിനാണ് പ്രതീക്ഷ നൽകിയതെന്ന് ചോദിച്ചു. എനിക്ക് അത് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഞാൻ ഒരു തെറ്റും ചെയ്തിരുന്നില്ല, ഞാൻ ചെയ്യാത്ത കാര്യത്തിന് ശിക്ഷിക്കപ്പെടുന്നത് പോലെ എനിക്ക് തോന്നി. തന്റെ വിശ്വാസം പോലും പരീക്ഷിക്കപ്പെടുകയാണെന്ന് തോന്നി.