ഒരു വർഷത്തിന് മുകളിലായി കോവിഡ് പ്രതിസന്ധി രാജ്യത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ കോവിഡിൽ നിന്ന് പൂർണമായി മുക്തി നേടാൻ നമ്മുടെ രാജ്യത്തിന് സാധിച്ചിട്ടില്ല. ഇപ്പോഴിതാ രാജ്യത്തെ കോവിഡ് പ്രതിസന്ധി മറികടക്കാൻ വാക്സ് ഇന്ത്യ നൗ എന്ന വേര്‍ച്വല്‍ ഫണ്ട് റെയ്സര്‍ കഴിഞ്ഞ മാസം സമാഹരിച്ചത് 37 കോടി രൂപയാണ്. ഫണ്ട് സമാഹരിച്ചത് ഇന്ത്യന്‍ സംഗീതജ്ഞനായ എ. ആര്‍ റഹ്‌മാനേയും മറ്റ് പ്രമുഖ താരങ്ങളേയും ഉള്‍പ്പെടുത്തിയാണ്. അനുരാധാ പലകുര്‍ത്തിയാണ് ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാക്സ് നൗ ഇന്ത്യയുടെ സ്ഥാപക.
സി.എന്‍.എന്നും ഡ്രീം സ്റ്റേജ് ലൈവും തത്സമയം സംപ്രേഷണം ചെയ്ത പരിപാടിയില്‍ ലിയാം നീസണ്‍, ഗ്ലോറിയ എസ്റ്റഫാന്‍, സ്റ്റിങ്, ആന്‍ഡ്രിയ ബോസെല്ലി, ജോഷ് ഗ്രോബാന്‍, യോ-യോ മാ, ഡേവിഡ് ഫോസ്റ്റര്‍, ആസിഫ് മാന്‍വി, നിഷാന്ത് കാന്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടി അവതരിപ്പിച്ചത് ഹസന്‍ മിന്‍ഹാജ് ആണ്. രോഗം ബാധിച്ച മേഖലയില്‍ എങ്ങിനെ പ്രവര്‍ത്തിക്കാമെന്നും, ദുരിതമനുഭവിക്കുന്നവരെ എങ്ങിനെ സഹായിക്കാമെന്നും വാക്സ് നൗ ഇന്ത്യയുടെ ഈ പരിപാടിയിലൂടെ അനുരാധ കാണിച്ചു തന്നു. ഇന്ത്യയില്‍ കൊറോണ വൈറസ് മൂലം നിരവധി പേര്‍ മരിക്കാനുണ്ടായ സാഹചര്യമാണ് അനുരാധയെ ഇത്തരത്തില്‍ ഒരു പരിപാടി ചെയ്യാന്‍ പ്രേരിപ്പിച്ചത്.
ഈ ഉദ്യമത്തില്‍ ഞങ്ങളോട് സഹകരിച്ച ലോകമൊട്ടാകെയുള്ള എല്ലാവര്‍ക്കും കടപ്പാടും നന്ദിയുമുണ്ട്’, അനുരാധ പറഞ്ഞു. ‘കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയോടൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതില്‍ 160 പേര്‍ അടങ്ങുന്ന ഞങ്ങളുടെ ഈ സ്ഥാപനം അഭിമാനിക്കുന്നു. ഈ ചടങ്ങില്‍ ഞങ്ങളോടൊപ്പം പങ്ക് ചേര്‍ന്ന എല്ലാ താരങ്ങള്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നുവെന്നും’ അവര്‍ കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണ്‍ സമയത്ത് ഈ പരിപാടി വിജയമാക്കിയ ഇന്ത്യന്‍ ടീമിന് പ്രത്യേകമായി നന്ദി അറിയിക്കുകയാണ്’ അനുരാധ പറഞ്ഞു. ഈ പ്രതിസന്ധി ഇല്ലാതാവുന്നത് വരെ ഞങ്ങളെല്ലാം ഒപ്പമുണ്ടെന്നും, കോവിഡിന്റെ വകഭേദങ്ങള്‍ തടയുന്നതിനു കോവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പുകള്‍ തുടരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ധനസമാഹരണ കാമ്പെയിന്‍ ‘ദി ഗിവിംഗ് ബാക്ക് ഫണ്ട്’ എന്ന ചാരിറ്റി സംഘടനയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.