മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ് വാവ സുരേഷ്. പക്ഷെ കടിയേറ്റിട്ടും അദ്ദേഹം പതറിയില്ല. മൂർഖനെ പ്ലാസ്റ്റിക് ടിന്നിൽ ആക്കിയ ശേഷമായിരുന്നു ആശുപത്രിയിലേക്ക് പോയത്. വാവ സുരേഷിന്റെ വലതു കാലിലെ തുടയിലാണ് മൂർഖൻ കടിച്ചത്. എന്നാൽ തൊട്ട് പിന്നാലെ അദ്ദേഹം പാമ്പിനെ വലിച്ചെടുത്തു. പിടിവിട്ട് പാമ്പ് നിലത്ത് വീണു. പാമ്പ് പിടുത്തം കാണാൻ നിന്നവർ ചിതറിയോടി. എന്നാൽ ധൈര്യം കൈവിടാതെ വാവ സുരേഷ് മൂർഖനെ പിടികൂടി. നാട്ടുകാരിൽ ആരോ കൊടുത്ത ടിന്നിൽ ഇട്ട് അടച്ചു.
ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനു വേണ്ടി പ്രാർത്ഥനയോടെ സിനിമാ ലോകവുമുണ്ട്. ജയറാം, സീമ ജി നായർ, സന്തോഷ് പണ്ഡിറ്റ്, ബിനീഷ് ബാസ്റ്റിൻ,സുബി സുരേഷ്, ലക്ഷ്മി പ്രിയ, നാദിർഷ തുടങ്ങി നിരവധി താരങ്ങൾ വാവ സുരേഷിനു വേണ്ടി പ്രാർഥനയോടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവച്ചു.
ദൈവം കൂടെയുണ്ട്, ഞങ്ങളുടെയൊക്കെ പ്രാർഥന കൂടെയുണ്ട്’.– ജയറാം കുറിച്ചു. ഒന്നും സംഭവിക്കില്ല, ഒരുപാടുപേരുടെ പ്രാർത്ഥനയുണ്ട് സഹോദരാ, പടച്ചവനെ എന്റെ പ്രിയ സഹോദരനെ കാക്കണേയെന്നാണ് നാദിർഷ കുറിച്ചത്. പ്രാർഥനയോടെ, വേഗം തിരിച്ചുവരണം ജീവിതത്തിലേക്ക്. കഴിഞ്ഞ ദിവസവും ഞാൻ പറഞ്ഞതല്ലേ സൂക്ഷിക്കണമെന്ന്, അപ്പോൾ പറഞ്ഞു എല്ലാവർഷവും ഇങ്ങനെ പ്രശ്‌നം ഉണ്ടാവുമെന്ന്, പക്ഷേ, പ്രാർഥനയോടെ…’– സീമ ജി. നായരുടെ കുറിപ്പ്.