തമിഴകത്തിലെ മുതിർന്ന നടൻ ശരത് കുമാറിന്റെ മകളാണ് നടി വരലക്ഷ്മി. ‘പോടാ പോടീ ‘ എന്ന തമിഴ് ചിത്രത്തിൽ ചിമ്പുവിന്റെ നായിക ആയാണ് വരലക്ഷ്മിയുടെ അരങ്ങേറ്റം. മമ്മൂട്ടി ചിത്രങ്ങളായ കസബ , മാസ്റ്റർ പീസ് എന്നീ മലയാള ചിത്രങ്ങളിലും വരലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. വരലക്ഷ്മി പ്രതിനായിക വേഷത്തിൽ എത്തിയ വിജയ് ചിത്രം സർക്കാരിലെ അഭിനയം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
നടി അടുത്തിടെ ഒരു അഭിമുഖത്തിൽ കാസ്റ്റിങ് കൗച്ച് സംബന്ധിച്ച തന്റെ ചിന്തകൾ പങ്കുവയ്ക്കുകയുണ്ടായി. ആ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നടിമാരോട് അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിക്കുക ഇപ്പോൾ വളരെ എളുപ്പമായിരിക്കുന്നു. അവർക്ക് ചോദിക്കണമെന്ന് തോന്നിയാൽ ചോദിക്കും. കാരണം മുൻകാലങ്ങളിലെ ഈ സംഭവങ്ങൾ നടക്കുന്നുണ്ട്. അതിന് ഇക്കാലത്ത് എന്തെങ്കിലും മാറ്റം വരണമെന്ന് അവർ ആഗ്രഹിക്കുന്നില്ല. അതാണ് പ്രധാന പ്രശ്‌നം. ഇത് നിർത്താൻ എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമുണ്ട്. ഇത്തരം ആവശ്യങ്ങളുമായി സമീപിക്കുന്നവരോട് നോ പറയാൻ എല്ലാവരും തയ്യാറാവണം. നമ്മൾ കുറച്ചുപേർ മാത്രം കാസ്റ്റിംഗ് കൗച്ചിനെതിരെ നിലപാടെടുത്താൽ അത് മാറില്ല. അവസരങ്ങൾ തേടുമ്പോൾ താൻ അച്ഛന്റെ പേര് ഉപയോഗിക്കാറില്ല അങ്ങനെ അവസരങ്ങൾ ലഭിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. തനിക്ക് കഴിവുണ്ട് അത് മതി സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കാൻ.
തനിക്ക് ഒരിക്കൽ പബ്ബിൽ വെച്ചുണ്ടായ മോശം അനുഭവത്തെ കുറിച്ചും വരലക്ഷ്‌മി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. 19, 20 വയസ്സേ അന്ന് തനിക്കുള്ളുവെന്ന് താരം പറയുന്നു. പബ്ബിൽ വെച്ച് ഒരാൾ തന്റെ പുറകിൽ മോശമായി സ്പർശിച്ചു. അയാൾ എന്ത് ഉദ്ദേശിച്ചാണ് ചെയ്തതെന്ന് അറിയില്ല. എന്നാൽ താൻ അപ്പോൾ തന്നെ പ്രതികരിച്ചെന്ന് വരലക്ഷ്‌മി പറയുന്നു. അവനെ ഞാൻ തള്ളി നിലത്തിട്ടു. അവൻ ഇനിയൊരിക്കലും ഒരു സ്ത്രീയെയും അങ്ങനെ തൊടാൻ ധൈര്യപ്പെടില്ലെന്ന് ഞാൻ ഉറപ്പാക്കി. ഞാൻ എന്താണ് ചെയ്തതെന്ന് പൊതു ഇടത്തിൽ പറയാൻ കഴിയില്ല. പക്ഷേ അത് അവന് ജീവിതകാലം ഓർത്തിരിക്കാനുള്ളത് ഉണ്ട്, വരലക്ഷ്‌മി പറഞ്ഞു. നേരത്തെ സിനിമയിൽ താൻ നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വരലക്ഷ്‍മി തുറന്നു പറഞ്ഞിരുന്നു. നടന്റെ മകളായിട്ട് കൂടി തന്നോട് സംവിധായകനും നിർമാതാവിനുമൊപ്പം കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു എന്നാണ് വരലക്ഷ്‍മി പറഞ്ഞത്.