പല താരങ്ങളും ഏപ്രില്‍ ആറിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിന് ശേഷം ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ പങ്കുവെച്ചിരുന്നു. ഇപ്പോൾ ശ്രദ്ധേയമാകുന്നത് നടി വരദ പങ്കുവെച്ച വോട്ട് വിശേഷമാണ്. വരദ ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് വോട്ട് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ്. വരദ വോട്ട് ചെയ്തത് ഷൂട്ടിങ്ങ് തിരക്കുകള്‍ക്കിടയില്‍ നിന്നും വൈകുന്നേരം വീട്ടിലെത്തി അവസാന നിമിഷമാണ്.
ഒരു മഷിക്കഥ, അഞ്ചാം തിയതി രാത്രി വൈകി ഷൂട്ട് കഴിഞ്ഞത് കൊണ്ട് ആറാം തിയതി കുറച്ചു വൈകിയാണ് ഉറക്കമെഴുന്നേറ്റത്. അപ്പോഴാണ് സമ്മതിദാനാവകാശം ഉപയോഗിക്കുക എന്ന വലിയ ഉത്തരവാദിത്വത്തെ കുറിച്ചും കടമയെ കുറിച്ചും ഓര്‍മ വന്നത്. ഉടനെ കൊല്ലത്തു നിന്നും തൃശ്ശൂരിലേക്ക് വെച്ചു പിടിച്ചു. 14 ദിവസത്തെ ഷെഡ്യൂള്‍ ആയതു കൊണ്ട് സാധനങ്ങളെല്ലാം എല്ലാം കൂടെ രണ്ട് പെട്ടി ഉണ്ടായിരുന്നു. ഞാന്‍ ഒറ്റക്ക് എല്ലാം കൂടെ കെട്ടി വലിച്ചു വീട്ടില്‍ എത്തിയപ്പോള്‍ സമയം വൈകിട്ട് 6.10. പെട്ടന്ന് തന്നെ നേരെ പോളിങ് ബൂത്തിലേക്ക് പോയി. എന്തായാലും കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും വോട്ട് ചെയ്ത് കടമ നിര്‍വഹിച്ചല്ലോ എന്ന ചാരിതാര്‍ഥ്യത്തില്‍ പുറത്തിറങ്ങി വിരലിലേക്ക് നോക്കി. അതോടെ ആ ചാരിതാര്‍ഥ്യത്തിന്റെ സന്തോഷം അങ്ങ് പോയി കിട്ടി.
എന്നെ കണ്ടിട്ട് കള്ള വോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് തോന്നിയിട്ടാണോ എന്തോ ഒരു വിരലില്‍ മൊത്തം മഷി. നഖത്തിന്റെ അകത്തു വരെ മഷിയുണ്ട്. അതും തലങ്ങും വിലങ്ങും അങ്ങ് കോരി ഒഴിച്ചിരിക്കുന്നു. എന്തായാലും എന്റെ വിരലില്‍ ഇങ്ങനെ മഷി കൊണ്ട് കളം വരച്ചിട്ട് എന്റെ നേരത്തെ പറഞ്ഞ ചാരിതാര്‍ഥ്യത്തെ നശിപ്പിച്ചു കളഞ്ഞ ആ സഹോദരിയെ ഓര്‍ത്തു കൊണ്ട് എന്റെ മഷിക്കഥ ഞാന്‍ ഉപസംഹരിക്കുന്നു. നന്ദി, നമസ്‌കാരം. ഇതായിരുന്നു വരദയുടെ രസകരമായ കുറിപ്പ്.