വൈക്കം വിജയലക്ഷ്മി മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ്. വ്യത്യസ്തമായ ഗാനാലാപന ശൈലിയും ഒപ്പം ശബ്ദ മാധുര്യവും താരത്തെ മറ്റുള്ള ഗായകരിൽ നിന്നും വ്യത്യസ്തയാക്കുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ഇന്ന് താരം തിളങ്ങുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി താരത്തിന് കാഴ്ച ലഭിച്ചു എന്ന തരത്തിൽ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഈ തെറ്റിദ്ധാരണകള്‍ നീക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിജയലക്ഷ്മി തന്റെ ഭാഗം വ്യക്തമാക്കിയത്.
യുട്യൂബില്‍ ഒരു വാര്‍ത്ത കണ്ട് ധാരാളം ആളുകള്‍ വിളിക്കുന്നുണ്ട്. പക്ഷേ ആ വാര്‍ത്ത ശരിയല്ല, എനിക്ക് കണ്ണിന് കാഴ്ചയൊന്നും കിട്ടിയിട്ടില്ല. ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. മരുന്ന് കഴിച്ച് ഡെവലപ്‌മെന്റ് ഉണ്ട്, അതായത് കൂടുതല്‍ വെളിച്ചം കാണ്ടു തുടങ്ങി എന്നല്ലാതെ കാഴ്ചയൊന്നും കിട്ടിയിട്ടില്ല. അടുത്ത വര്‍ഷം അമേരിക്കയില്‍ പോയി ബാക്കി ചികിത്സകളും കാര്യങ്ങളുമൊക്കെ ശരിയായതിന് ശേഷമേ ലഭിക്കുകയുള്ളൂ. ആരോ തെറ്റിധാരണയുടെ പുറത്ത് ഇത്തരത്തില്‍ വാര്‍ത്ത കൊടുത്തതായിരിക്കും. ആ വാര്‍ത്ത ആരും വിശ്വസിക്കരുത്. എല്ലാം ശരിയായതിന് ശേഷം വിളിച്ച് അറിയിക്കുന്നതാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടായിരിക്കണം.- വൈക്കം വിജയലക്ഷ്മി വീഡിയോയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് വിജയലക്ഷ്മിയും പിതാവും കാഴ്ച ലഭിച്ചേക്കുമെന്ന ശുഭ പ്രതീക്ഷ പങ്കുവെച്ചത്. കൂടുതല്‍ വെളിച്ചം കാണാന്‍ സാധിക്കുന്നുണ്ടെന്നും റെറ്റിനയ്ക്കാണ് പ്രശ്‌നം അത് പരിഹരിക്കാന്‍ സാധിക്കുമെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച ലഭിച്ചു എന്ന പേരില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.