മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. ഈ സൂപ്പർ ഹിറ്റ് പരമ്പര അവസാനിപ്പിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും കഥാപാത്രങ്ങൾക്ക് ഇന്നും ആരാധകർ നിരവധിയാണ്. ശങ്കരൻ എന്ന കഥാപാത്രത്തിലെത്തിയ മുരളി മാനിഷാദയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. ഉപ്പും മുളകും പെട്ടന്ന് അവസാനിച്ചപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും പരമ്പരയിലെത്തപ്പെട്ടതിനെക്കുറിച്ചുമാണ് തുറന്നു പറച്ചിൽ.
ഉപ്പും മുളകും പരമ്പരയെ കുറിച്ച് കേട്ടിരുന്നു. സീരിയലിൽ ഭാസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കണ്ണൻ വഴിയാണ് ഉപ്പും മുളകിലേക്ക് ക്ഷണം വരുന്നത്. അങ്ങനെയിരിക്കെ ഒരിക്കൽ എറണാകുളത്തെ ലൊക്കേഷനിൽ പോയി സംവിധായകൻ ഉണ്ണിയെ കണ്ടു. അദ്ദേഹം ബിജു സോപാനം അവതരിപ്പിക്കുന്ന ബാലുവുമായുള്ള ഒരു കോമ്പിനേഷൻ സീൻ എടുത്തു’. ഇടയ്ക്കിടെ ശങ്കരണ്ണന്റെ ഭാഗം വരുമ്പോൾ വിളിക്കും. അപ്പോൾ പോയി അഭിനയിച്ച് തിരിച്ച് വരും. ഞാൻ ഒരു പാലസിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇങ്ങനെ അഭിനയിക്കാൻ അവസരം വന്നപ്പോൾ അവിടുത്തെ മറ്റ് ജീവനക്കാരും എല്ലാവരും പിന്തുണച്ചു. കൊറോണ കാലത്ത് അവർ മുടങ്ങാതെ നൽകതിയ വരുമാനമാണ് ചെലവിന് ഉപയോഗിച്ചത്. മാസ്ക് വെച്ച് പോയി അവിടിരുന്നാൽ മതി അവർ ശമ്പളം കൃത്യമായി തരുമായിരുന്നു.
ഉപ്പും മുളകിന് ശേഷം മൂന്ന് സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. പെട്ടന്ന് ഉപ്പും മുളകും അവസാനിപ്പിക്കുകയാണ് എന്ന പറഞ്ഞപ്പോൾ വലിയ സങ്കടമായി. കിട്ടിക്കൊണ്ടിരുന്ന വരുമാനം പെട്ടന്ന് നിന്നപോലെയായിരുന്നു. അതുപോലെ ശങ്കരണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് എനിക്ക് കൊതി തീർന്നിരുന്നില്ല. ആ സീരിയലിന്റെ ഭാഗമായിരുന്ന അഭിനേതാക്കളെല്ലാം നല്ല പ്രതിഭകളാണ്. ബാലുവും നീലുവും മുടിയനും ലച്ചുവും പാറുക്കുട്ടിയും ശിവാനിയുമെല്ലാം എനിക്ക് പ്രിയപ്പെട്ടവരാണ്. പാറു എപ്പോഴും അപ്പൂപ്പാ എന്ന് വിളിച്ച് നടക്കും. എല്ലാവരും വളരെ സ്നേഹമുള്ളവരായിരുന്നു.